പള്ളിപ്പുറം : ദേശീയപാതയിൽ പള്ളിപ്പുറത്ത് റോഡിനുസമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറി ഇടിച്ചുകയറി കാർ തോട്ടിലേക്കു മറിഞ്ഞു. കാറിനു സമീപം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കാറുടമയായ ചെങ്ങന്നൂർ സ്വദേശി രാമ സുബ്രഹ്മണ്യന് (40) അപകടത്തിൽ പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ രാമസുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്തുനിന്നു രാമസുബ്രഹ്മണ്യൻ ഓടിച്ചുവന്ന കാർ റോഡിനുസമീപം നിർത്തിയിട്ടശേഷം പുറത്തിറങ്ങി ഫോണിൽ സംസാരിക്കുകയായിരുന്നു.
ഈ സമയം അതേദിശയിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന ലോറി കാറിനു പുറകേ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തോട്ടിലേക്കു മറിയുകയും രാമ സുബ്രഹ്മണ്യന് പരിക്കേൽക്കുകയും ചെയ്തു. കാർ പൂർണമായും തകർന്നു. മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു.