കന്യാകുളങ്ങര: കന്യാകുളങ്ങര സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കിടപ്പ് രോഗികൾ ബുദ്ധിമുട്ടിലാകുന്നു. കെട്ടിടത്തിൻറെ കാലപ്പഴക്കം മൂലം പുരുഷൻമാരുടെ വാർഡ് അടച്ചിട്ടിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർച്ചയുടെ വക്കിലെത്തിയതിനെത്തുടർന്ന് ഒരു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പിൻറെ നിർദേശത്തെ തുടർന്നാണ് കെട്ടിടം അടച്ചിട്ടത്. ഇപ്പോൾ പുരുഷൻമാരെ സ്ത്രീകളുടെ വാർഡിന്റെ രണ്ടാം നിലയിലാണ് കിടത്തി ചികിത്സിക്കുന്നത്. മുൻപ് ഈ വാർഡ് ശിശു സൗഹൃദ വാർഡായിരുന്നു.
കന്യാകുളങ്ങര ആശുപത്രിയിൽ നാലു പഞ്ചായത്തുകളിലെ രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട്. ദിവസംതോറും നാനൂറിലധികം പേർ ചികിത്സയ്ക്കെത്തുന്ന ഈ സാമൂഹിക ആശുപത്രിയിൽ നാൽപതുപേരെയാണ് കിടത്തി ചികത്സിക്കാൻ സൗകര്യമുള്ളത്. പലപ്പോഴും അറുപത് പേരെ വരെ ഇവിടെ കിടത്തി ചികിത്സിക്കാറുണ്ട്. ചോർച്ചയും കാലപ്പഴക്കവുംമൂലം പുരുഷൻമാരുടെ വാർഡ് അടച്ചതോടെ രോഗികൾ ബുദ്ധിമുട്ടിലായി. പുരുഷ വാർഡിന്റെ മേൽകൂര ഏതുനിമഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പരിമിതമായ സ്ഥലത്ത് കിടത്തി ചികിത്സ നടത്തുന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.