കഠിനംകുളം : ജ്വല്ലറിയിൽ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം സ്വർണാഭരണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ തംബുരു എന്ന വിഷ്ണു (22)വിനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തതത്. ശനിയാഴ്ച രാവിലെ മുണ്ടൻചിറയിലെ പൊലീസ് വാഹന പരിശോധനയ്‌ക്കിടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ കഠിനംകുളം എസ് ഐ ആർ രതീഷ്കുമാർ, സിപിഒ മാരായ ദിലീപ്കുമാർ, മനു, അനിൽകുമാർ എന്നിവർ ചേർന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
കഠിനംകുളം ചാന്നാങ്കര സിഎസ് ഗോൾഡ് വർക്സ് ജ്വല്ലറിയിലാണ് ഇയാൾ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണാഭരണം തട്ടിയെടുത്തത്.
കേസിലെ പ്രധാന പ്രതിയും സൂത്രധാരനുമാണ് ഇയാൾ. തംബുരുവിന്റെ അറസ്‌റ്റോടെ ജ്വല്ലറി ആക്രമണ കേസിൽ ഉപയോഗിച്ച ബൈക്കും കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.