കാട്ടാക്കട : മംഗലയ്ക്കലിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പെൺകുട്ടിയെ ആക്രമിച്ച് സ്വർണമോതിരം കവർന്നു. മംഗലയ്ക്കൽ രാധിക ഭവനിൽ അനിൽകുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അനിൽകുമാറിന്റെ മകൾ ബി.എഡ്. വിദ്യാർഥിനിയായ ആര്യയുടെ സ്വർണമോതിരമാണ് നഷ്ടപ്പെട്ടത്.സംഭവസമയം ആര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കൾ സമീപത്തെ ഒരു മരണവീട്ടിൽ പോയിരിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കത്തി കൊണ്ട് ആര്യയുടെ മാല പൊട്ടിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്. പെൺകുട്ടി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ കട്ടിലിലാണ് കുത്ത് കൊണ്ടത്. നിലത്തുവീണ ആര്യ കസേര കൊണ്ട് അക്രമിയെ തല്ലിവീഴ്ത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ ആര്യയെ തള്ളിയിട്ട് സ്വർണമോതിരം കൈക്കലാക്കി ഓടിരക്ഷപ്പെടുകയായിരുന്നു.കറുത്ത ടീഷർട്ടും കറുത്ത പാന്റ്സും ധരിച്ചെത്തിയ പൊക്കം കുറഞ്ഞ ആളാണ് ആക്രമണം നടത്തി കവർച്ച നടത്തിയതെന്ന് ആര്യ പറഞ്ഞു. ഇയാൾ മുഖംമൂടിയും കൈയുറകളും കാലുകളിൽ സോക്സും ധരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു