ആറ്റിങ്ങൽ: ആറ്റിങ്ങലിലെത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. എപ്പോഴും ഗതാഗത തിരക്കുള്ള ഇവിടെ വൃദ്ധരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും എല്ലാവരും ഒന്ന് അപ്പുറം കടക്കാൻ നിന്ന് കാലുകഴയ്ക്കും. ആറ്റിങ്ങൽ ദേശീയപാതയിൽ മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. തോന്നുന്നപോലെ വാഹനമോടിച്ചെത്തുന്നവരുടെ മുന്നിലേക്ക് ചാടി റോഡ് മുറിച്ചു കടക്കേണ്ട ഗതികേടാണ്. ആരും കാൽ നടയാത്രക്കാർക്ക് വേണ്ടി വാഹനങ്ങൾ നിർത്തി കൊടുക്കാനും തയ്യാറല്ല. എല്ലാവർക്കും തിരക്കാണ്, വേഗം പോണം !
വൺവേയായ കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്കുവരെയാണ് എടുത്ത് പറയേണ്ടത്. ഇവിടെ വ്യാപാര കേന്ദ്രങ്ങളുടെ പ്രധാന ഭാഗമാണ്. റോഡിന്റെ ഒരു വശത്തുള്ളയാൾക്ക് മറുവശത്തുള്ള കടയിലേക്ക് പോകണമെങ്കിൽ പിന്നെ കാത്ത് നിൽക്കണം. ആരെങ്കിലും ഒന്നു വാഹനം നിർത്തിയാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ രണ്ടും കൽപ്പിച്ച് സ്വയം ട്രാഫിക് പൊലീസ് ആയി കയ്യും ഉയർത്തി റോഡിലേക്ക് ഇറങ്ങണം. ഇതാണ് നിലവിലെ അവസ്ഥ.
ദേശീയ പാതയുടെ തിരക്കേറിയ ഭാഗങ്ങളിൽ മേൽപ്പാലങ്ങൾ വേണമെന്ന ആവശ്യവും ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാടായി. തിരക്കുള്ള പലയിടത്തും പൊലീസിന്റെയോ ട്രാഫിക് വാർഡന്റെയോ സേവനം പോലും ലഭ്യമല്ലെന്നും ആക്ഷേപമുണ്ട്. വികസന മുരടിപ്പാണ് ആറ്റിങ്ങലിനെ ദുരിതത്തിലാക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു. എന്നാൽ ആറ്റിങ്ങലിൽ റോഡ് വികസനം ഉടൻ ശരിയാകുമെന്നാണ് അധികാരികൾ പറയുന്നത്. റോഡ് വികസനം വന്നാലും ഇല്ലെങ്കിലും കാൽനടയാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ മേൽപ്പാലം തന്നെയാണ് പോംവഴി എന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.