ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഇന്ന് വലിയ ഗതാഗത തിരക്കാണ് അനുഭവപ്പെട്ടത്. മാമം മുതൽ മൂന്നുമുക്ക് വരെയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ മൂന്നുമുക്ക് വരെയും രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആറ്റിങ്ങൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി മൂന്നുമുക്ക് മുതൽ നാലുമുക്ക് വരെയുള്ള ഭാഗം ടാറിങ് ചെയ്യുന്നതിന് വേണ്ടി അതുവഴിയുള്ള യാത്ര തടഞ്ഞുവെച്ചതാണ് ഗതാഗത തിരക്കുണ്ടാക്കിയത്. എന്നാൽ ഇന്ന് ഒരു ദിവസം കൊണ്ട് ടാറിങ് പൂർത്തിയാക്കി നാളെ ഉച്ചയോടെ റോഡ് ഗതാഗത്തിന് തുറന്നു കിട്ടുമെന്ന് അറിഞ്ഞപ്പോൾ യാത്രക്കാർക്കും ആശ്വാസമായി. കാരണം ആറ്റിങ്ങൽ വഴി പോകുന്ന ഏതൊരാളുടെയും ആഗ്രഹമാണ് ഗതാഗത കുരുക്കിൽ പെടാതെ പോവുക എന്നുള്ളത്. അതിന് വേണ്ടിയാണ് പൂവൻപാറ മുതൽ മൂന്നുമുക്ക് വരെ ദേശീയ പാത നാലുവരിയാക്കി മാറ്റുന്നതും. പല പ്രതിസന്ധികളും കടന്ന് ഒന്നാം ഘട്ടമായ പൂവൻപാറ മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള ഭാഗം ടാറിങ് പൂർത്തിയാക്കി വാഹനങ്ങൾ തിരക്കില്ലാതെ കടന്നു പോകുന്നു. രണ്ടാം ഘട്ടമായ നാലുമുക്ക് മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗവും നാളെ ഉച്ചയോടെ ഗതാഗത സൗകര്യമുള്ളതാകും. പിന്നെ ഉള്ളത് കച്ചേരി ജംഗ്ഷൻ മുതൽ നാലുമുക്ക് വരെയുള്ള ഭാഗമാണ്.അതും കൂടി പൂർത്തിയാക്കുന്നതോടെ ആറ്റിങ്ങലിനു പുതിയ മുഖം തെളിയും.
ഇന്ന് രാത്രി മൂന്ന്മുക്കിൽ നിന്നും ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. ഒരു കിലോമീറ്റർ വീതി കൂട്ടിയ ഭാഗമുൾപ്പെടെയാണ് ടാറിങ് നടത്തുന്നത്. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ദേശീയപാതാ വിഭാഗം എക്സികൂടട്ടീവ് എൻജിനിയർ ജോതി, എ.എക്സ്. ഇ ഹരികുമാർ,സൈറ്റ് എൻജിനിയർ വിശ്വൻ എന്നിവരുടെയും ചീഫ് ടെക്നിക്കൽ എക്സാമിനറുടെയും നിരീക്ഷണത്തിലാണ് ടാറിങ് പുരോഗമിക്കുന്നത്. നാളെ ഉച്ചയോടെ ടാറിങ് പൂർത്തിയാകും. നാളെ തന്നെ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും.
ഗതാഗത ക്രമീകരണത്തിനായി വെയിലും പൊടിയും കൊണ്ടു നിന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെയും ഹൈ വേ പോലീസിനെയും ഓരോ യാത്രക്കാരും വളരെ സ്നേഹത്തോടെയാണ് കണ്ടത്. ആറ്റിങ്ങൽ സിഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനങ്ങൾ കടത്തി വിടാനും കൂടുതൽ ഗതാഗത കുരുക്ക് ഉണ്ടാവാതെ യാതരക്കാരെ കടത്തിവിടാനും വളരെ ആവേശത്തോടെ പ്രവർത്തിച്ചത്.