കിളിമാനൂർ പാപ്പാലയിൽ ആക്രിക്കടയിലുണ്ടായ തീ പിടുത്തം നാടിനെ ഭീതിയിലാഴ്ത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. പാപ്പാല ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന തിരുനെല്‍വേലി സ്വദേശി അറുമുഖൻ്റെ ഉടമസ്ഥതയിലുള്ള ശ്രീശിവപാർവ്വതി ആക്രിക്കടയിലാണ് തീ പിടിച്ചത്. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ചു.തീ കണ്ട് തൊഴിലാളികള്‍ ഓടിരക്ഷപെട്ടതിനാൽ വന്‍ ദുരന്തം ഒഴിവായി. 7 ഫയർ യൂണിറ്റുകൾ 5 മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഒരുപാട് പ്രാവശ്യം ശ്രീമഹ ദേവ ക്ഷേത്രക്കുളത്തിൽ നിന്നും ഫ്ലോട്ട് പമ്പ് ഉപയോഗിച്ച് വെള്ളം അഗ്നിശമന വാഹനങ്ങളിൽ എത്തിച്ചാണ് തീ അണച്ചത്.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ രണ്ട് യൂണിറ്റും വർക്കല അഗ്നി ശമന നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാറിൻ്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റും വെഞ്ഞാറമൂട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറിൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റും കടയ്ക്കൽ സ്റ്റേഷൻ ഓഫീസർ സുരേഷിൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റും ചാക്ക അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഷാദിൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റും ചേർന്ന് വളരെ പരിശ്രമിച്ചതിൻ്റെ ഫലമായാണ് തീ നിയന്ത്രണ വിധേയമായത്.