വൈവാഹിക പരസ്യം നൽകി പണം തട്ടിപ്പ് : രണ്ടു പേർ അറസ്റ്റിൽ.

eiDD8U669813

കാട്ടാക്കട : പത്രത്തിൽ വൈവാഹിക പരസ്യം നൽകി തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കട്ടാക്കട കുളത്തുമൺ സ്വദേശി മെർലിൻ കോട്ടേജിൽ ഷിജിൻ (31), ആമച്ചൽ ഷിബു കോട്ടേജിൽ ഷിബു (37) എന്നിവരാണ് അറസ്റ്റിലായത്.

പ്രമുഖ പത്രങ്ങളിൽ, ബ്യൂറോ ഇല്ല എന്ന തലക്കെട്ടോടെ വൈവാഹിക പരസ്യം കൊടുക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. ഓരോ മതവിഭാഗങ്ങൾക്കും പ്രത്യേക പരസ്യവും ഫോൺ നമ്പറും നൽകും. ഫോണിൽ ബന്ധപ്പെടുന്നവരോട് വിശദവിവരങ്ങൾ തിരക്കിയശേഷം യോജിച്ച വധുവിന്റെയോ വരൻറെയോ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ കൊറിയർ മുഖാന്തിരം അയക്കുന്നുണ്ട് എന്നറിയിക്കും. കൊറിയറുമായി വരുന്നയാൾ അടയ്ക്കേണ്ട തുകയെപ്പറ്റി പറയും. അത് കസ്റ്റമേഴ്സിനെ നോക്കി വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ 500 രൂപ മുതൽ മുകളിലേക്ക് തുക എത്ര വേണമെങ്കിലും ആകാം. ലഭിച്ച കവർ തുറന്നു നോക്കുമ്പോൾ ഒന്നോ രണ്ടോ പേജുകളിലായി കുറച്ച് പെൺകുട്ടികളുടെ അല്ലെങ്കിൽ ആൺകുട്ടികളുടെ ഫോൺ നമ്പറും വിവരങ്ങളും രേഖപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് പേപ്പർ ആവും ഉണ്ടാവുക. അതിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് വിവാഹം കഴിച്ചവർ ആണെന്നും വർഷങ്ങൾക്കു മുൻപ് ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു എന്നുള്ള വിവരം ആവും ലഭിക്കുക. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട പേരൂർക്കട സ്വദേശിയുടെ പരാതിപ്രകാരമാണ് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത്. കാട്ടാക്കടയിൽ കഴിഞ്ഞ നാലു വർഷമായി കടമുറി വാടകക്കെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു വിവാഹവും നടത്തി കൊടുത്തിട്ടില്ല എന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കൂടുതൽപേർ കബളിപ്പിക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!