Search
Close this search box.

വെടിയുണ്ടകൾക്ക് മുന്നിൽ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും മനസ്സ് പതറിയിട്ടില്ല: വിരമിച്ച ഒരു സൈനികന്റെ വികാരം…

eiBSRVH29454

 

കായിക്കര സ്വദേശിയും സൈനികനുമായ ബിജുവിന്റെ വാക്കുകൾ :

” ഇനി നീണ്ട വിസിൽ ശബ്ദങ്ങൾ ഇല്ല, ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന അറിയിപ്പുകളോ, വെടിമുഴക്കങ്ങളോ ഇല്ല, മനസും ശരീരവും ഏകാഗ്രമാക്കി രാവും പകലും അതിർത്തികളിൽ കണ്ണിമയ്ക്കാതെ നിൽക്കുന്നഅവസ്ഥകൾ ഇല്ല.
അവധി കഴിഞ്ഞു പ്രവേശിക്കുമ്പോൾ തുടർന്നുള്ള മടക്കം മൂവര്ണ്ണ പതാക ചൂടി ആയിരിക്കുമോ എന്ന ചിന്തകളില്ല, എല്ലു നുറുങ്ങുന്ന ശൈത്യ ത്തിലും നെഞ്ചിനു നേരെ ഒരു വെടിയുണ്ട പാഞ്ഞു വരുമെന്ന ജാഗ്രതയില്ല. രക്തബന്ധങ്ങളുടെ അനിവാര്യതകളിൽ അടുത്തുണ്ടാകാൻ കഴിയില്ലല്ലോ എന്ന ചിന്തകൾ ഇല്ല, തോക്കുകളെ പ്രണയിനികളാക്കി ആലിംഗ ബദ്ധരായുള്ള രാത്രികൾ ഇല്ല, റംസാനും, ഓണവും, ക്രിസ്ത്‌മസ്സും വെടിയൊച്ചകൾക്കിടയിൽ മനസ്സിൽ കൊണ്ടാടുവാൻ നിർബന്ധിതരായ ദിനങ്ങൾ ഇല്ല, ഞാൻ പടിയിറങ്ങുന്നു.

26 വർഷങ്ങൾക്ക് മുൻപ് ഭഗവത് ഗീതയിൽ തൊട്ട് സത്യം ചെയ്ത് ഏറ്റുവാങ്ങി അഭിമാനത്തോടെ ധരിച്ച ലോകത്തിലെ മികച്ച സേനകളിൽ ഒന്നായ ഇന്ത്യൻ സേനയുടെ ഒലീവ് ഗ്രീൻ യൂണിഫോം കാലത്തിന്റെ പ്രയാണത്തിന്റെ ഭാഗമായി ആർദ്ര നയനങ്ങളോടെ ഊരി വയ്ക്കുവാൻ നിർബന്ധിതനാവുന്നു. ഒരു സൈനികൻ ആയതിൽ ജീവിത സാക്ഷാത്കാരം നേടിയ അവസ്ഥയാണ് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ.

വാക്കുകൾ കൊണ്ടും, പരിചാരകാരെ കൊണ്ടും, അനുയായികളെ നിരത്തിയും നമ്മുക്ക് പ്രകടന പരതകൾ പല രീതിയിൽ കാണിക്കാം. എന്നാൽ സ്വന്തം രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി നൽകാതെ ശത്രു സൈന്യത്തിന്റെ തോക്കിനു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുമ്പോൾ ഒറ്റ ചിന്ത മാത്രമേ ഒരു സൈനികന്റെ മനസ്സിൽ കാണുകയുള്ളു . ആദ്യ വിരലുകളുടെ ചലനം തന്റേതു മാത്രം ആയിരിക്കണം.

വർഷങ്ങൾക്ക് മുൻപ് മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നവനാണ് ഞാൻ. കയ്യെത്തും ദൂരത്തുള്ള സൗഹൃദങ്ങൾക്കുള്ളിൽ ആശകളും നിരാശകളും പങ്കു വച്ച് കഴിയേണ്ടിയിരുന്ന എന്നെ ഭാരതം എന്ന മഹാ സംസ്കാരത്തിന്റെ നാലുകോണുകളിലും നിർഭയം കടന്നെത്തുവാനും ഭാരതാമ്മയ്ക്ക് കാവൽ നിർത്തുവാനും കഴിഞ്ഞത് ഭാരത സേനയുടെ ഭാഗം ആയതിനാൽ ആണ്.

ചെങ്കുത്തായ മലകളിലും , ശരീരം തുളച്ചു കയറുന്ന മഞ്ഞു പാളികളിലും രാപകൽ രാജ്യ സേവനം നടത്തുമ്പോൾ ഒപ്പമുണ്ടായിരുന്നവരിൽ എത്രയോ പേർ…….. മഞ്ഞിൽ പുതഞ്ഞും.. വെടിയുണ്ടകൾ തറച്ചും….. കാൽവഴുതി വീണും.. ഓർക്കുവാൻ കഴിയാത്ത അത്രയും അനുഭവങ്ങൾ കണ്ണുനീരുകൾ വറ്റിച്ചിട്ടുണ്ട്.

അവസാന ശ്വാസം വലിക്കുമ്പോഴും ഉറ്റവരെയോ ഉടയവരെയോ പേരെടുത്ത് വിളിക്കാതെ ജയ് ഹിന്ദുസ്ഥാൻ എന്ന് മാത്രം മുഴുമിപ്പിക്കുന്ന സൈനികരുടെ ഓർമ്മകൾ മാത്രമാണ് ഇപ്പോൾ മനസ്സിൽ അവശേഷിക്കുന്നത്.

കാർഗിൽ യുദ്ധം ഉൾപ്പെടെ സേനയുടെ പല നിർണ്ണനായക നീക്കങ്ങളിലും പങ്കു ചേരുവാൻ കഴിഞ്ഞത് ഒരു ഇന്ത്യക്കാരൻ എന്നതില്ഉപരി ഇന്ത്യൻ സൈനികൻ എന്ന പരിവേഷം ആത്മാഭിമാനം നൽകുന്നു.

എന്നാൽ വെടിയുണ്ടകൾക്ക് മുന്നിൽ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും മനസ്സ് പതറിയിട്ടില്ല. രാജ്യത്തെ സേവിക്കുക എന്ന ഊർജ്ജമായിരുന്നു മനസ്സ് മുഴുവൻ. അതെ മനസ്സ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ്. ഒരു ഇന്ത്യൻ സൈനികനെ ട്രോളുന്നവർ ഒന്നോർക്കുക സ്വന്തം ജീവന് യാതൊരു ഗ്വാരണ്ടിയും ഇല്ലാത്ത അയാളുടെ തീഷ്ണത ഏറിയ ഒരു മനസ്സുള്ളതു കൊണ്ടാണ് സമീപ രാജ്യക്കാരുടെ സൈനികന്റെ “ട്രോളുകൾ ” നീങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്തത് എന്ന സത്യം മനസിലാക്കുക.

യു എൻ സൈനിക വിഭാഗത്തിൽ ഇന്ത്യയുടെ ഭാഗമായി സേവനം അനുഷ്ഠിച്ചതുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ സൈനികനടപടികൾക്ക് സാന്നിധ്യം നൽകുവാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ… ഞാൻ ഇറങ്ങുന്നു.”

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!