വർക്കല: പാപനാശം പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ മോഷണം. ഇവിടെ ചികിത്സയിൽ കഴിഞ്ഞ അയിരൂർ സ്വദേശി ജസീനയുടെ 5000 രൂപ കവർന്നു. സമീപത്തെ മറ്റ് രോഗികളുടെ മുറികളിലും മോഷണ ശ്രമമുണ്ടായെങ്കിലും അനക്കം കേട്ട് അവർ ഉണർന്നതിനാൽ മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഉഷ്ണം കാരണം ജനാലകൾ തുറന്നിട്ടാണ് രോഗികൾ ഉറങ്ങിയിരുന്നത്. ജനാലയിലൂടെ കമ്പുപയോഗിച്ച് ബാഗ് തോണ്ടിയെടുത്താണ് ജസീന്തയുടെ പണം കവർന്നത്. പണം അപഹരിച്ചശേഷം ബാഗും അതിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും ജനാലയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ തൊട്ടടുത്ത റൂമിൽ മോഷണ ശ്രമത്തിനിടെ പാത്രം നിലത്തുവീണ ശബ്ദം കേട്ട് രോഗി ഉണർന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച മോഷ്ടാവ് ആശുപത്രിയുടെ മതിൽചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് രാവിലെ വർക്കല പൊലീസെത്തി അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ട ജസീന്തയ്ക്ക് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വർക്കല സി.ഐ ഗോപകുമാർ അറിയിച്ചു.