വിളപ്പിൽ : അസൗകര്യങ്ങൾ നിറഞ്ഞ വിളപ്പിൽശാല പോലീസ് സ്റ്റേഷന്റെ പരിസരം ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളുടെ ‘ശവപ്പറമ്പായി’ മാറുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നുതിരിയാനിടമില്ലാത്തപ്പോഴാണ് വിവിധ കേസുകളിൽപ്പെട്ടതും അപകടത്തിൽപ്പെട്ടതുമായ നൂറുകണക്കിനു വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തു കിടക്കുന്നത്.
ഇക്കൂട്ടത്തിൽ നടപടി നടത്തി ലേലംചെയ്തു നൽകാനുള്ളവയും ധാരാളമുണ്ട്. 2014-ൽ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച് രണ്ടുലക്ഷത്തിലധികം രൂപയ്ക്ക് വാഹനങ്ങൾ ലേലംചെയ്തിരുന്നു. ഇതെല്ലാം കാലാവധി കഴിഞ്ഞതും അവകാശികളില്ലാത്തതുമായിരുന്നു. പലതും ഉപയോഗശൂന്യവുമായി. 2000 മുതൽ കേസുകളിൽപ്പെട്ട തൊണ്ടിമുതലായ വാഹനങ്ങൾ ഇപ്പോഴും സ്റ്റേഷൻ പരിസരത്തുണ്ട്. സ്റ്റേഷന്റെ മുറ്റവും പരിസരവും പോലീസ് പിടികൂടിയ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞതോടെ പോലീസ് ജീപ്പ് റോഡിലാണ് പാർക്കു ചെയ്യുന്നത്. സ്റ്റേഷൻ പ്രവർത്തിക്കുന്ന പഴയ വാടകക്കെട്ടിടം ഈയിടെ പുനരുദ്ധരിച്ചിരുന്നു. കാടും പടർപ്പുമായി കിടക്കുന്ന പരിസരത്തുനിന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന ഇഴജന്തുക്കൾ പോലീസിനു തലവേദനയാണ്.
വിളപ്പിൽശാലയിൽ പുതിയ പോലീസ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ കൂട്ടിയിട്ടിരിക്കുന്ന ഓട്ടോ, കാർ, ജീപ്പ്, ഇരുചക്രവാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ അവിടേക്കുമാറ്റുന്നതും പോലീസിനു വെല്ലുവിളിയാകും. 20 സെന്റിനുള്ളിലെ പുതിയ സ്റ്റേഷൻ പരിസരത്ത് ഇത്തരത്തിൽ വാഹനങ്ങൾ കൂട്ടിയിടാനിടവുമില്ല. വിവിധ കേസുകളിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന തൊണ്ടിമുതലായ വാഹനം വിധിയുടെ അടിസ്ഥാനത്തിലേ മറ്റു നടപടികൾക്കു വിധേയമാക്കാനാകൂവെന്ന് വിളപ്പിൽശാല സി.ഐ. നിസാമുദ്ദീൻ പറഞ്ഞു