ആര്യനാട് : ബൈക്കിലെത്തിയ മൂവർസംഘം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുമായി കടന്നു. ആര്യനാട് ഇറവൂർ കുളത്തിന് സമീപമായിരുന്നു സംഭവം. മീനാങ്കൽ പാറമുക്ക് ആശാ നിവാസിൽ എം.വി. സന്തോഷ് കുമാറിന്റെ മാരുതി കാറാണ് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കടത്തിയത്. അന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ സംഘം വാഹനങ്ങൾ കിടന്ന തോളൂർ കുളത്തിന് സമീപമെത്തി നിരീക്ഷണം നടത്തിയിരുന്നു. കാറിൽ താക്കോൽ കണ്ട സംഘം താക്കോലെടുത്ത് തിരികെ പോയി. ശേഷം വൈകിട്ട് എത്തിയ സംഘം കാറുമായി കടക്കുകയായിരുന്നു. സന്തോഷ് കുമാറിന്റെ ടിപ്പർ ഉൾപ്പെടെ ഇവിടെയാണ് സാധാരണ ഒതുക്കിയിടാറുള്ളത്. എപ്പോഴും ആളുള്ളതിനാലും സുഹൃത്തുക്കളും സഹജീവനക്കാരും വാഹനം എടുക്കുമെന്നതിനാലും താക്കോൽ വാഹനത്തിൽ തന്നെ ഉണ്ടാകാറുണ്ട്. ബുധനാഴ്ചയും കാർ ഇവിടെ നിറുത്തിയ ശേഷം സന്തോഷ് ബൈക്കിൽ തോളൂരിലെ വർക്ക് ഷോപ്പിലേക്ക് പോയി. ഇതിന് പിന്നാലെയാണ് മോഷ്ടാക്കൾ എത്തിയത്. വൈകിട്ട് എത്തിയപ്പോൾ വാഹനം കാണാത്തതിനെ തുടർന്ന് സി.സി.ടിവി പരിശോധന നടത്തിയതിലാണ് മോഷണവിവരം അറിയുന്നത്. ഡിയോ സ്‌കൂട്ടറിൽ എത്തിയ സംഘവും കാറും പറണ്ടോട് ഭാഗത്തേക്കാണ് പോയത്. ആര്യനാട് പൊലീസിൽ സന്തോഷ് ദൃശ്യങ്ങൾ ഉൾപ്പെടെ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ആര്യനാട് പൊലീസ് അറിയിച്ചു
