ആറ്റിങ്ങൽ : പെരുംകുളത്ത് കുഴിയിൽ വീണ പശുവിനെ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് പെരുംകുളം അൽ ബുർഹാൻ അറബിക് കോളജിന്റെ ഉടമസ്ഥതയിലുള്ള പശു ഇടുങ്ങിയ വേസ്റ്റ് കുഴിയിൽ വീണത്. കുഴിക്ക് വിസ്താരം കുറവായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് എ. എസ്. റ്റി. ഒ ശശികുമാറിന്റെ നേതൃത്വത്തിൽ എഫ്. ആർ. ഒമാരായ സജീം, ബിനു. കെ, വിനീത്, നിതിൻ, എഫ്. ആർ. ഒ (ഡി) ദിനേശ് എന്നിവർ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് പരിക്കുകൾ ഇല്ലാതെ മിണ്ടാപ്രാണിയെ രക്ഷിച്ചത്. കോളജിന്റെ നിയന്ത്രണത്തിലുള്ള യത്തിംഘാനയുടെ ആവശ്യത്തിലേക്ക് വാങ്ങിക്കൊണ്ടു വന്ന പശുവിനെയാണ് രക്ഷിച്ചത്. ഇത്തരം ഉപയോഗശൂന്യമായ കുഴികൾ മൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആൾക്കാരെ ബോധവത്ക്കരിച്ച ശേഷമാണ് സേന മടങ്ങിയത്.