കല്ലമ്പലം : പൾസർ ബൈക്കുകൾ മാത്രം മോഷ്ടിച്ച് കഞ്ചാവ് കച്ചവടവും മറ്റും ചെയ്യുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.ഇത്തിക്കര റോയൽ ആശൂപത്രിക്ക് സമീപം ദിനേശ് മന്ദിരത്തിൽ സൂര്യദാസ് (19),ഇത്തിക്കര മുസ്ലീം പള്ളിക്ക് സമീപം കല്ലുവിള വീട്ടിൽ അഖിൽ (19), തഴുത്തല മൈലക്കാട് നോർത്ത് കൈരളി വായന ശാലയ്ക്ക് സമീപം ജയേഷ് ഭവനിൽ ജിനേഷ് (21), മൈലക്കാട് നോർത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപം കാഞ്ഞിരം വിള മേലതിൽ വീട്ടിൽ അനിൽ (19), ചാത്തന്നൂർ തെങ്ങുവിള ന്യൂ പ്രിൻസ് ഡ്രൈവിംഗ് സ്കൂളിനു സമീപം പ്രേചിക സദനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന അഖിൽ (19 ), ആദിച്ചനല്ലൂർ മൈലക്കാട് യാസിൻ മൻസിലിൽ യാസിൻ (18), മുഖത്തല കണ്ണനല്ലൂർ ചേരിക്കോണം ചിറ കോളനിയിൽ ജയ്സൻ (19) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര, നാവായിക്കുളം, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്നും പ്രതികൾ മോഷ്ടിച്ച മൂന്ന് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. മോഷണം ചെയ്ത ബൈക്കിൽ കഞ്ചാവ് വാങ്ങുന്നതിനായി ചെങ്കോട്ടയിൽ പോയി വരുന്ന വിവരം ബൈക്ക് മോഷണത്തിന്റെ അന്വേഷണത്തിൽ പൊലീസ് മനസ്സിലാക്കി പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. കൂടുതൽ ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചതായി പൊലീസ് സംശയിക്കുന്നു. നിരവധി പോക്സോ, കഞ്ചാവ്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽശിക്ഷ അനുഭവിചിട്ടുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂർ എക്സൈസ് ഓഫീസിൽ നിന്നും വാഹനം മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കേസിലെ പ്രതികൾ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് കൂടുതലായി അന്വേഷിച്ച് വരുന്നു. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം കല്ലമ്പലം എച്ച്.എസ്.ഒ മനുരാജ്, പ്രിൻസിപ്പൽ എസ്.ഐ രഞ്ജു, എസ്.ഐമാരായ ജയൻ, സുനിൽ കുമാർ, എ.എസ്.ഐമാരായ മഹേഷ്, സുരേഷ്, എസ്.സി.പി.ഒ മാരായ അനിൽ കുമാർ, ഷാൻ, അജിത്ത്, സൂരജ്, വിനോദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൊവിഡ് ടെസ്റ്റിനും വൈദ്യപരിശോധനയ്ക്കും വിധയമാക്കും.