ആറ്റിങ്ങൽ : നാൽപതോളം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ തൊഴിൽ സ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ട് അനധികൃത കെട്ടിട നിർമാണത്തിനും അഴിമതിക്കും ആറ്റിങ്ങൽ നഗരസഭയും സെക്രട്ടറിയും ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികൾ എസ്ടിയു നേതൃത്വത്തിൽ സമര പോരാട്ടങ്ങൾക്ക് ഒരുങ്ങുന്നു. ലേബർ കമ്മീഷണർ, ലേബർ ഓഫീസർ, ക്ഷേമനിധി ഓഫീസർ, ആർടിഒ, ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ, ഓംബുഡ്സ്മാൻ, വിജിലൻസ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും അതോടൊപ്പം ആറ്റിങ്ങൽ പാർലമെൻറ് മെമ്പർ അടൂർ പ്രകാശ്, മുസ്ലിം ലീഗ് എസ്.ടി.യു നേതാക്കൾ എം.എൽ.എമാർ തുടങ്ങി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരങ്ങൾ നടത്താനും ഓട്ടോ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. ഹൈക്കോടതിയിലും ലേബർ കോടതിയിലും കേസ് നടത്തിപ്പിന് വേണ്ടിയിട്ടുള്ള സമർത്ഥരായ വക്കീലന്മാരെ നിയോഗിക്കാനും തീരുമാനിച്ചു. വരുംദിവസങ്ങളിൽ കൊറോണ പ്രോട്ടോകോൾ പ്രകാരം അനുമതി ലഭിക്കുന്ന പക്ഷം സമരങ്ങൾ നടത്തുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ രാധാകൃഷ്ണൻ, രാമകൃഷ്ണൻ, സുജ അടക്കമുള്ളവർ അറിയിച്ചു. നഗരസഭയുടെ വികസന ക്ഷേമകാര്യ മറ്റു മേഖലയിലുള്ള അമ്പതിലധികം തീരുമാനങ്ങളുടെ വിവരാവകാശരേഖ ആവശ്യപ്പെടാനും തീരുമാനിച്ചു.ഓട്ടോ തൊഴിലാളികളുടെ യോഗത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഒ. ഇ. പി സക്കീർ പങ്കെടുത്തു.