ആര്യനാട്: ആര്യനാട് ഇറവൂരിൽ റോഡ് സൈഡിൽക്കിടന്ന കാർ മോഷ്ടിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. ധനുവച്ചപുരം രക്തബന്ധം കൊറ്റാമം പി.ആർ.ഡി.എ.എസ്. ആർച്ചിനുസമീപം ഷഹാന മൻസിലിൽ റാഷിദ്(18)ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ആര്യനാട് ഇറവൂരിനു സമീപത്തുനിന്നും ഇറവൂർ ആശാനിവാസിൽ സന്തോഷിന്റെ മാരുതി 800 കാർ ഉച്ചയ്ക്ക് മൂന്നുമണിയടെ മോഷ്ടിച്ചത്. ഉടൻതന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിതുര ഭാഗത്തേക്കു പോയ കാറിനെപ്പറ്റി വിവരം ലഭിച്ചില്ല. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിൽ വന്ന മൂന്നുപേർ കാർ മോഷണം നടത്തിയതായി വിവരം ലഭിച്ചത്.ഇതിനിടയിൽ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കര പള്ളിപ്പടി എന്ന സ്ഥലത്ത് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആര്യനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് പിടിയിലായത്.