നെടുമങ്ങാട് :നെടുമങ്ങാട്ടെ പരിയാരം ഗ്രാമം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്ലാത്ത നാട് നാടാകെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലുരുകുമ്പോള്‍ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ നെടുമങ്ങാട്ടെ പരിയാരം ഗ്രാമം പ്രചാരണ ചൂടില്‍ നിന്നെല്ലാമകന്ന് ശാന്തമായി ദിനചര്യകളിലേര്പ്പെടുന്നു. ഈ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള കൊടിതോരണങ്ങളോ പ്രചാരണ വാഹനങ്ങളുടെ കൊട്ടിഘോഷങ്ങളോ കാണാനാകില്ല.
പരിയാരം വഴി യാത്ര ചെയ്യുന്നവര്‍ ഈ ഗ്രാമത്തിലെത്തുമ്പോള്‍ ഇത് കേരളമാണോയെന്നു പോലും സംശയിക്കും. കാരണം ഇവിടത്തെ ഒരു ചുവരിലും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളോ, ചുവരെഴുത്തുകളോ, പ്രചാരണ ബോര്‍ഡുകളോ കാണാനാകില്ല. പരിയാരം മുതല്‍ മുളവൂര്‍ക്കോണം വരെയുള്ള ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം വേണ്ടെന്ന് ജനം തീരുമാനിച്ചിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞു.
34 വര്‍ഷം മുമ്പുള്ള ഒരു തിരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ പ്രാചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഇവിടെയൊരു രാഷ്ട്രീയ സംഘട്ടനത്തിന് വളിതെളിച്ചു. ഇരു പാര്‍ട്ടികളിലുമായി പത്തിലധികം പേര്‍ക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. പലരും മാസങ്ങളോളം ആശുപത്രി കിടക്കയിലായി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാട്ടുകാര്‍ ഒന്നിച്ചൊരു തീരുമാനമെടുത്തു. ഇനി തങ്ങളുടെ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോ സംഘട്ടനങ്ങളോ ഉണ്ടാകരുതെന്ന തീരുമാനമായിരുന്നു അത്. ഇതിന് പ്രകാരം ഇവിടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ സ്വമേധയാ വിലക്കേര്‍പ്പെടുത്തി.
ഇതുവരെമാറ്റാന് ശ്രമിച്ചിട്ടില്ല. പരിയാരത്തെ പുതുതലമുറക്കാര്‍ക്ക് വിവിധ രാഷ്ട്രീയ താത്പര്യമുണ്ടെങ്കിലും നാട്ടില്‍ പ്രചാരണത്തിന് ഇവരാരും തയ്യാറല്ല. ഇവിടത്തെ ചായക്കടകളില്‍ വേണമെങ്കില്‍ കടം പറയാം, എന്നാല്‍ രാഷ്ട്രീയം പറയരുത്. കാരണം പഴയതൊന്നും ആവര്‍ത്തിക്കാനോ ഓര്‍ക്കാനോ ഇന്നാട്ടുകാര്‍ക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പരിയാരം ഗ്രാമം ബഹിഷ്ക്കരിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇപ്പോഴും മുന്നിലാണ് ഈ ഗ്രാമം.