വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം തരുന്ന ഒന്നാണ് നമുക്കെല്ലാം തണ്ണിമത്തൻ.. എന്നാൽ കണിയാപുരം, കരിച്ചാറ സ്വദേശി കിരൺ കാർത്തികിന് തൻ്റെ കരവിരുത് പ്രകടമാക്കാനുള്ള ക്യാൻവാസു കൂടിയാണ്. തണ്ണിമത്തനിൽ സിനിമാ താരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് കിരൺ..
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ തൻ്റെ ഒരു സുഹൃത്ത് ഷെയർ ചെയ്തിരുന്ന ചിത്രം കണ്ടാണ് കിരൺ തണ്ണിമത്തനിൽ ചിത്രങ്ങൾ രൂപപ്പെടുത്താൻ ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദുൽഖർ സൽമാൻ, അജു വർഗ്ഗീസ്, പൃഥിരാജ്, ഇന്ദ്രജിത്ത്, നിവിൻപോളി, വിജയ് സേതുപതി തുടങ്ങി 20 ഓളം സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തണ്ണിമത്തനിൽ കൊത്തിയെടുത്തിട്ടുണ്ട്. പല താരങ്ങളും തങ്ങളുടെ പ്രൊഫൈലുകളിൽ ഉൾപ്പടെ കിരണിൻ്റെ ചിത്രം ഷെയർ ചെയ്ത് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
തണ്ണിമത്തനു പുറത്ത് പേന ഉപയോഗിച്ച് ചിത്രത്തിൻ്റെ ഔട്ട്ലൈൻ ചെയ്തതിനു ശേഷം മൂന്ന് നാലു മണിക്കൂറുകൾ എടുത്ത് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്. തണ്ണിമത്തനു പുറമെ പ്രഗത്ഭരായ നിരവധി പേരുടെ ചിത്രങ്ങൾ ലീഫ് ആർട്ട് വഴിയും കിരൺ ഇതിനോടകം വരച്ചിട്ടുണ്ട്. കുഞ്ഞുനാളിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെങ്കിലും ലോക്ഡൗൺ കാലത്താണ് തണ്ണിമത്തനിലും ലീഫ് ആർട്ടിലും ചിത്രങ്ങൾ തയ്യാറാക്കാൻ കിരൺ സ്വയമേവ പഠിക്കുകയായിരുന്നു. പേപ്പറിലും ഇലയിലും വരയ്ക്കുന്നതിനേക്കാൾ പ്രയാസമേറിയതാണ് തണ്ണിമത്തനിൽ ചിത്രങ്ങൾ തയ്യാറാക്കാൻ എന്നാണ് കിരണിൻ്റെ അഭിപ്രായം.
കണിയാപുരം കരിച്ചാറ പുരയിടത്തിൽ വീട്ടിൽ കാർത്തികേയൻ്റെ മകനായ കിരൺ ഡിപ്ലോമ വിദ്യാർത്ഥിയാണ്.