കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) യെ വെട്ടിക്കോലപ്പെടുത്തിയ സംഭവത്തിൽ 4 പ്രതികൾ അറസ്റ്റിൽ. കുളമുട്ടം, കൊച്ചുകല്ലിയിൽ വീട്ടിൽ ശ്രീകുമാരൻ നായരുടെ മകൻ ഗിരീഷ് എന്നറിയപ്പെടുന്ന ശ്രീജിത്ത് (40), കവലയൂർ കൊടിതൂക്കിക്കുന്ന് ഈച്ചരൻ കാട്ടുവിള വീട്ടിൽ റിംഗ് മണി എന്നറിയപ്പെടുന്ന മണി (46), കൊടിതൂക്കിക്കുന്ന് മഠത്തിച്ചിറ, ആശാരി വിളാകം ഷാജിയുടെ മകൻ പക്കി സാബു എന്നറിയപ്പെടുന്ന സാബു(38), കൊടിതൂക്കിക്കുന്ന് കാട്ടുവിള വീട്ടിൽ ബാബുവിന്റെ മകൻ ബൈജു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ഇടപ്പെടുമായി ബന്ധപ്പെട്ട് കൊലപ്പെട്ട ജോഷിയും പ്രതികളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് 10 അംഗങ്ങൾ അടങ്ങുന്ന സംഘം ജോഷി ഇരുന്ന പുരയിടത്തിൽ എത്തുകയും തുടർന്ന് ഇവർ ജോഷിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട് ഓടിയ ജോഷിക്ക് നേരെ പടക്കമെറിഞ്ഞ് വഴിമധ്യേ ഒരു ഇടവഴിയിൽ വെച്ച് പിടികൂടി വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. കയ്യിലും കാലിലുമൊക്കെ ഗുരുതരമായി വെട്ടേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷി
പത്ത് പ്രതികളിൽ 4 പേരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും കടയ്ക്കാവൂർ പോലീസ് പറഞ്ഞു.
ജില്ലാ റൂറൽ എസ്.പി പി.കെ മധു നിർദ്ദേശത്തെ തുടർന്ന് വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ , കടയ്ക്കാവൂർ സി.ഐ വി.കെ ജയപ്രകാശ് , എസ്.ഐ ശ്യാം, ഗ്രേഡ് എസ്.ഐമാരായ മാഹീൻ , മനോഹർ , ഉദ്യോഗസ്ഥരായ ജ്യോതിഷ്, ഡീൻ , സന്തോഷ് , മനീഷ് , ബിനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.