ആറ്റിങ്ങൽ: നഗരസഭ വാർഡ് 13 ൽ കരമയിൽ – പുത്തൻ വീട് തോട് സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന് ആരോപിച്ച് നാട്ടുകാർ കൊടുത്ത പരാതിയെ തുടർന്നാണ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആർ.എസ്.അനൂപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചത്. ആഴ്ചകൾക്ക് മുമ്പേ ഈ തോട് പൂർണമായും സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി വഴിയാക്കി മാറ്റിയിരുന്നു. അമ്പലംമുക്ക് കോണത്ത് ലൈൻ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുന്ന തോട് പണയിൽ കോളനി വഴി കരിച്ചയിൽ വലിയ തോടിലേക്കും അവിടെ നിന്ന് പൂവമ്പാറ നദിയിലേക്കും ചെന്നെത്തുന്ന വിധമായിരുന്നു വെള്ളം ഒഴുകിയിരുന്നത്. എന്നാൽ ഈ തോട് അപ്രത്യക്ഷം ആയതോടെ ഗതി മാറി ഒഴുകിയ വെള്ളം തിരികെ കോളനിയിലെ വീടുകളിലേക്ക് ഇരച്ച് കയറി. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവിട്ട് തോട് പുനർ നിർമ്മിച്ച് മുകളിൽ സ്ലാബ് പാകി വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും ശാശ്വത പരിഹാരം കണ്ടിരുന്നു. എന്നാൽ പരമ്പരാഗതമായ ഈ തോട് ചിലർ കൈയ്യേറിയതോടെ കോളനി നിവാസികൾ വീണ്ടും വെള്ളക്കെട്ടിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ് ഉണ്ടായത്. വയോധികരും കുട്ടികളും ഉൾപ്പെടുന്ന ഏകദേശം 14 കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. ചെയർപേഴ്സനോടൊപ്പം സ്ഥലം സന്ദർശിച്ച പരാതിക്കാരിൽ ഒരാൾ നികത്തിയ തോടിലെ ചെളിക്കുണ്ടിൽ കുടുങ്ങുകയും ചെയ്തു. നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ അന്വേഷണത്തിൽ തോട് കൈയ്യേറിയതായി മനസിലാക്കാൻ സാധിച്ചു. അതിനാൽ തോട് പൂർവ്വ സ്ഥിതിയിലാക്കാൻ സ്വകാര്യ വ്യക്തിക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബോധപൂർവ്വം പരമ്പരാഗത ജല സ്രോതസുകളെ ഇല്ലായ്മ ചെയ്യുന്നവർക്കെതിരെ കർശന നീയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.