പള്ളിച്ചൽ: പള്ളിച്ചൽ പെരിങ്ങമ്മലയ്‌ക്ക് സമീപം മാരകായുധങ്ങളുമായെത്തി യുവാവിനെ വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ച കേസിലെ രണ്ടുപേരെ നേമം പൊലീസ് അറസ്റ്റുചെയ്‌തു. വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ജിം മണിയൻ എന്ന ബിജു (42), വീരണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്‌ണൻ (19) എന്നിവരാണ് കഴിഞ്ഞദിവസം നേമം പൊലീസിന്റെ പിടിയിലായത്. പെരിങ്ങമ്മല സ്വദേശി രാജേഷിനെയാണ് കഴിഞ്ഞ ദിവസം ഇവർ ആക്രമിച്ചത്. ഒന്നാം പ്രതി ബിജു ചാരായക്കച്ചവടം നടത്തിയത് രാജേഷ് പറഞ്ഞുവിലക്കിയതിന്റെ വിരോധത്തിലാണ് പ്രതികൾ രണ്ടുപേരും ചേർന്ന് തെറ്റിവിളയ്‌ക്ക് സമീപം വടിവാളുമായെത്തി രാജേഷിനെ ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രാജേഷിന്റെ സുഹൃത്തായ കുമാറിനെയും ഇവർ ആക്രമിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വടിവാളും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നാംപ്രതി ബിജു അബ്കാരി കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ഹരികൃഷ്ണൻ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിന്റെയും ഡി.സി.പി ആർ. ആദിത്യയുടെയും നിർദ്ദേശപ്രകാരം ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായർ, നേമം സി.ഐ സാജു ജോർജ്, എസ്.എെ എ.പി.അനീഷ്, എ.എസ്.എെ സന്തോഷ്, സി.പി.ഒമാരായ ബിമൽ മിത്ര, ഗിരി, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.