മംഗലപുരം : പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ആഹ്ലാദ തിമിർപ്പിൽ അതിഥി തെഴിലാളികളും.അതിഥി തൊഴിലാളി സൗഹൃദ പഞ്ചായത്തായ മംഗലപുരത്താണ് എൽ ഡി എഫ് പ്രവർത്തകർക്കൊപ്പം അതിഥി തൊഴിലാളികൾ പടക്കം പൊട്ടിച്ചു പങ്കാളികളായത്. അതിഥി സംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയും ചെയ്ത സർക്കാർ കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് പദ്ധതി ആസൂത്രണത്തിന്റെ അംഗീകാരത്തോടെ കലോത്സവം ഉൾപ്പടെ അതിഥി സംസ്ഥാന തെഴിലാളികളുടെ ക്ഷേമത്തിനു പ്രവർത്തിക്കുന്ന പഞ്ചായത്ത് ആണ് മംഗലപുരം. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോൾ മംഗലപുരത്തു എൽ ഡി എഫ് പ്രവർത്തകരോടൊപ്പം ആവേശത്തോടെ തൊഴിലാളികൾ പങ്കുചേരുകയായിരുന്നു. ജനതാദൾ (എസ് ) മുൻ ജില്ലാ പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ മംഗലപുരം ഷാഫി, കർഷക തൊഴിലാളി നേതാവ് എൽ. ആർ. ബിനു, ഡി വൈ എഫ് ഐ ബ്രാഞ്ച് നേതാക്കളായ മുനീർ, വിനു. ടി, ആറ്റുകാൽ ബിജു, രാഹുൽ എന്നിവർ പങ്കെടുത്തു.