ചീട്ടുകളിക്കിടെ പണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിന്റെ തലയ്ക്കടിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് ഹാരിസ് മൻസിലിൽ ഷിജു (41)വാണ് അറസ്റ്റിലായത്. മുക്കംകോട് ചരുവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. 23ന് പണം വച്ച് ഒരു സംഘം ചീട്ടുകളിക്കുന്നത് അറിഞ്ഞ് പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തുകയും സംഘം ഓടി രക്ഷപ്പെടുകയുമുണ്ടായി.
പൊലീസ് മടങ്ങിയപ്പോൾ സംഘം തിരികെയെത്തുകയും പണത്തിന്റെ പേരിൽ ഷിജുവും ബിജുവും വഴക്കിടുകയും മറ്റുള്ളവർ പിടിച്ചുമാറ്റുകയും ചെയ്തു. അന്ന് വൈകിട്ട് നാലിന് പള്ളിക്കൽ ജങ്‌ഷനിൽ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും അടിപിടി കൂടുകയും ഷിജു തടി കൊണ്ട് ബിജുവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് രാത്രി പള്ളിക്കൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ഷിജുവിനെ എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.