ചാരായ റെയ്‌ഡിനിടയിൽ എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന പ്രതിയെ നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. പാങ്ങോട് കൊച്ചാലുംമൂട്ടിൽ ഇർഫാൻ മൻസിലിൽ ഇർഷാദ് (42) ആണ് അറസ്റ്റിലായത്.
മടത്തറയിൽ വ്യാവസായികാടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നു ഇർഷാദ്. കഴിഞ്ഞ ദിവസം എക്‌സൈസ് പരിശോധനയ്‌ക്കെത്തിയപ്പോൾ കാറിൽനിന്ന് ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ കാറിനുള്ളിൽനിന്ന് 165550 രൂപയുടെ 500 ന്റെ കള്ളനോട്ടുകളും പിടികൂടിയിരുന്നു. തുടർന്ന് അന്വേഷണം പാലോട് സി.ഐ.ക്കു കൈമാറി.
പോലീസ് ഇർഷാദിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസം തോക്കും രണ്ടക്കിലോ കഞ്ചാവും 36500 രൂപയും കണ്ടെടുത്തിരുന്നു.
പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയതിനിടയിലാണ് ഇർഷാദിനെ നെടുമങ്ങാട് എക്‌സൈസ് സി.ഐ. വിനോദ് കുമാറും സംഘവും അറസ്റ്റുചെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വീടിന്റെ ടെറസിൽ ചാക്കുകളും ഓലയും അടുക്കിയതിന്റെ അടിയിലാണ് തോക്ക് ഒളിപ്പിച്ചിരുന്നത്.കഞ്ചാവ് വീടിനുള്ളിലെ രഹസ്യ അറയിലും ഒളിപ്പിച്ചിരുന്നു. പണം ഇരട്ടിപ്പ്, മുക്കുപണ്ടം പണയംവയ്ക്കൽ, കള്ളനോട്ട് കൈമാറൽ, കാട്ടുപന്നിയെ വേട്ടയാടൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.