കാട്ടാക്കട: തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ കാട്ടാക്കടയിൽ തമിഴ്നാട് പൊലീസും സിഐഎസ്എഫ് ജവാൻമാരും. പൊലീസിന് പുറമേയാണ് സിഐഎസ്എഫ് ജവാൻമാരെത്തിയത്. ഇന്നലെ രാത്രിയോടെയെത്തിയ ഇവരെ ഇന്ന് വിവിധ പ്രദേശങ്ങളിൽ വിന്യസിക്കും. ഒരു ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. മാറനല്ലൂർ,നെയ്യാർഡാം, കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധികളിൽ 20 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.
കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ കിള്ളി എംപിഎം എൽപിഎസി ലെ ബൂത്ത് പ്രശ്ന ബാധിത പട്ടികയിലാണ്.കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ വീരണകാവ്, നെടുമൺതറട്ട,പരുത്തിപള്ളി, കിള്ളി സ്കൂളുകളിലെ ബൂത്തുകളാണ് പ്രശ്ന സാധ്യതാ പട്ടികയിലുള്ളത്. മാറനല്ലൂരിൽ പ്രശ്ന ബാധിത ബൂത്തുകളില്ലെങ്കിലും മണ്ണടികോണം ,ഊരുട്ടമ്പലം,കണ്ടല സ്കൂളുകളിലെ 5 ബൂത്തുകളാണ് പ്രശ്ന സാധ്യതാ പട്ടികയിലുള്ളത്.
നെയ്യാർ ഡാം പരിധിയിൽ 8 ബൂത്തുകൾ പ്രശ്ന സാധ്യതയുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കാട് സെന്റ് ആന്റണീസ് സ്കൂൾ,കോട്ടൂർ യുപിഎസ്,നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂൾ, ലൂഥറൻ എൽപിഎസ് മൈലക്കര എന്നിവിടങ്ങളിലെ ബൂത്തുകളാണ് പട്ടികയിലുള്ളത്. പ്രശ്ന സാധ്യതാ ബൂത്തുകളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും കേന്ദ്ര സേനയുടെ സാനിധ്യവും ഉണ്ടാകും.