ലോകത്തെവിടെയുമുള്ള വായനക്കാർ വായനയിലൂടെ ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിക്കുകയാണെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. വായനാദിനത്തിൽ വിവിധ വിദ്യാലയങ്ങളിലെ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങൾ ലോക ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ദാരിദ്യത്തെയും രോഗത്തെയും ചൂഷണങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവു നൽകി. അത് വഴി മനുഷ്യമനസ്സിൽ ചിന്തയുടെ പുതിയ ലോകം നിർമ്മിച്ചു.
എബ്രഹാംലിങ്കൻ അടക്കമുള്ള ഭരണാധികാരികളിൽ പുസ്തകവായന ഉന്നത ചിന്തകൾ വളർത്തി.ഹാരിയസ്റ്റ് ബീച്ചർസ്തോവിന്റെ “അങ്കിൾ ടോംസിന്റെ ക്യാബിൻ ” വായിച്ച് മനസ്സു തകർന്ന ലിങ്കൻ ഒരു തീരുമാനത്തിലെത്തുകയായിരുന്നു.എന്നാണോ താൻ ഈ നാടിന്റെ അധികാരിയാകുന്നത് അന്ന് അടിമത്ത്വം നിരോധിക്കുമെന്ന്. അമേരിക്കൻ പ്രസിഡൻറായ എബ്രഹാംലിങ്കൻ ആദ്യം എടുത്ത തീരുമാനം രാജ്യത്ത് അടിമത്ത്വനിരോധനം നടപ്പാക്കുക എന്നതായിരുന്നു. ആയിരത്തി ഒന്ന് രാത്രികളും പഞ്ചതന്ത്രവും ജീവിതത്തെ സ്നേഹിക്കാൻ വായനക്കാരെ പഠിപ്പിക്കുകയായിരുന്നു.ലോകം ഭീതിയിലായ ഈ രോഗകാലത്ത് വായിക്കാനും എഴുതുന്നതിനും കുട്ടികൾ കൂടുതൽ സമയം ഉപയോഗിക്കണമെന്നദ്ദേഹം പറഞ്ഞു.വാമനപുരം ദേവസ്വം ഹൈസ്കൂൾ, വിദ്യാധിരാജ ഹയർ സെക്കന്ററി സ്‌കൂൾ, ചെറുതുരുത്തി ഗവൺമെന്റ് എൽ.പി.എസ്, ചാവക്കാട് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങി വിവിധ സ്കൂകളിൽ കുട്ടികളുമായി വായനാദിനത്തിൽ ഗൂഗിൾ മീറ്റു വഴി അദ്ദേഹം സംസാരിച്ചു.