വെമ്പായം : വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വെമ്പായം പെട്രോൾ പമ്പിന് സമീപത്തുവച്ചു പൾസർ ബൈക്കിൽ മദ്യ കച്ചവടം നടത്തിവന്ന മാണിക്കൽ, അംബേദ്കർ കോളനി സുമയ്യഭവനിൽ റിയാസി(24)നെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും സമീപത്ത് പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറിൽനിന്നും ആയി 62 കുപ്പി മദ്യം കണ്ടെടുത്തു. റെയ്ഡിനിടയിൽ എക്സൈസ് പാർട്ടിയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് പിടികൂടിയത്. ലോക്ഡൗൺ സമയത്ത് തമിഴ്നാട്ടിൽനിന്നും വൻതോതിൽ മദ്യം വാങ്ങി കൊണ്ടു വന്ന് കച്ചവടം നടത്തിയിരുന്ന പ്രതി കേരളത്തിൽ മദ്യഷാപ്പുകൾ തുറന്നതോടുകൂടി ബിവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി കച്ചവടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മദ്യഷോപ്പുകൾ രാത്രി ഏഴുമണിക്ക് അടച്ച ശേഷവും മദ്യഷോപ്പുകളുടെ പ്രവർത്തനം ഇല്ലാത്ത ശനി ഞായർ ദിവസങ്ങളിലും വൻവില ഈടാക്കിയാണ് മദ്യ കച്ചവടം നടത്തിവന്നത്. 350 രൂപ വിലയുള്ള അരലിറ്റർ മദ്യകുപ്പി 600 രൂപയ്ക്കാണ് വിറ്റിരുന്നത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാറിനെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.