Search
Close this search box.

സിനിമാ -സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞ് ക്യാമറ വാടകയ്ക്ക് എടുത്ത് വില്പന : രണ്ടുപേർ അറസ്റ്റിൽ

ei1JSCH10998

 

വർക്കല: സംസ്ഥാന വ്യാപകമായി വിലകൂടിയ ക്യാമറകൾ തട്ടിപ്പിലൂടെ സ്വന്തമാക്കി വിൽപ്പന നടത്തുന്ന സംഘത്തെ വർക്കല ഡി.വൈ.എസ്.പി എൻ.ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

കൊല്ലം , കല്ലുവാതുക്കൽ ,വിലവൂർകോണം എം.ഇ കോട്ടേജിൽ നിജാസ് (27) , എറണാകുളം സൗത്ത് പരവൂർ ഏലുക്കാട് വീട്ടിൽ ശ്രീരാജ് ( 26) എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ വാഹനമോഷണം , കഞ്ചാവ് കേസ്സുകൾ ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതികളാണ് ഇരുവരും. ഇവരുടെ സംഘാംഗം കാസർഗോഡ് സ്വദേശിയെ കൂടി പിടികൂടാനുണ്ട്. ആധാർ കാർഡ് ഉൾപ്പെടെ വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ രേഖകൾ നൽകിയാണ് സംഘം വാടകയ്ക്ക് ക്യാമറകൾ കൈവശപ്പെടുത്തുന്നത്. സിനിമാ , സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. ജാക്സൺ ഫെർണാണ്ടസ് എന്ന പേരിലാണ് പ്രധാന പ്രതി നിജാസ് തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഉൾപ്പെടെ ഉള്ളവരുടെ ക്യാമറകൾ ഇത്തരത്തിൽ കൈക്കലാക്കി ഒ. എൽ. എക്‌സിലും മറ്റും പരസ്യം നൽകിയാണ് ഇവർ ക്യാമറകളും ലെൻസുകളും വിൽപ്പന നടത്തി വന്നിരുന്നത്. ഇത്തരത്തിൽ ഉള്ള തട്ടിപ്പ് സംഘം വർക്കലയിൽ റിസോർട്ടിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുന്ന രഹസ്യവിവരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ .മധു ഐ.പി.എസ്സിന് ലഭിച്ചതിനെ തുടർന്നാണ് സംഘം അറസ്സിലാകുന്നത്.

കോട്ടയം വാകത്താനം , പൊൻഗന്ധന , കട്ടത്തറ വീട്ടിൽ അജയിന്റെ ക്യാമറ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. കരമന നെടുങ്കാട് രാജ് ഹോമിൽ രാജ് ഹിരണിന്റെ രണ്ട് ലക്ഷം രൂപക്ക് മുകളിൽ വിലവരുന്ന ക്യാമറയും ലെൻസും,നെയ്യാറ്റിൻകര സ്വദേശി സിൽബോസിന്റെ രണ്ട് ലക്ഷം രൂപ വിലയുള്ള ക്യാമറയും ലെൻസുകളും സംഘം ഇതേ രീതിയിൽ തട്ടിപ്പിലൂടെ സ്വന്തമാക്കി വിൽപ്പന നടത്തിയിരുന്നു. അന്വേഷണ സംഘം ഇതെല്ലാം കണ്ടെടുത്തു. കോട്ടയം , എറണാകുളം , തൃശൂർ ജില്ലകളിലും സംഘം വ്യാപകമായി ഇത്തരത്തിൽ ക്യാമറകൾ കൈക്കലാക്കി വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന തുടരന്വേഷണത്തിലൂടെ സംഘം നടത്തിയ കൂടുതൽ തട്ടിപ്പുകൾ തെളിയിക്കാനാകും.
വർക്കല ഡി.വൈ.എസ്.പി എൻ.ബാബുകുട്ടന്റെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ദ്വിജേഷ് ,സബ്ബ് ഇൻസ്പെക്ടർ സേതുനാഥ് , അനിൽകുമാർ ഷാഡോ ടീം സബ്ബ് ഇൻസ്പെക്ടർ ബിജു .എ.എച്ച് , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!