വർക്കലയിൽ വിദേശവനിതകൾക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. രാത്രികാലങ്ങളിൽ ബൈക്കുകളിൽ എത്തുന്ന സാമൂഹ്യവിരുദ്ധർ ആണ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതെന്ന് ആരോപിച്ചു യുകെ സ്വദേശിനിയായ എമ (29) യും ഫ്രാൻസ് സ്വദേശിനിയായ ഇമയി (23)യും വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രി 8 മണിയോടെ വർക്കല പാപനാശം ക്ലിഫിലെ തിരുവമ്പാടി ബീച്ചിൽ സവാരിക്ക് ഇറങ്ങിയ ഇവർക്ക് നേരെ സമൂഹ്യവിരുദ്ധനായ ഒരാൾ വരികയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് ക്ഷണിക്കുകയും തുടർന്ന് നഗ്നത പ്രദർശനം ഉൾപ്പെടെയുള്ള ചേഷ്ടകളിലൂടെ മനസികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. മാത്രമല്ല ഒരാൾ അവരെ കടന്ന് പിടിച്ചതായും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 8 മാസത്തോളമായി വർക്കല കുരയ്‌ക്കണ്ണിയിൽ ഹോം സ്റ്റേ ആയി താമസിക്കുകയാണ് ഈ വിദേശ വനിതകൾ.
ഇവരോടൊപ്പം താമസിച്ചു വരുന്ന സുഹൃത്ത് മുംബൈ സ്വദേശിനിയായ കൗസ് (30) ന് കഴിഞ്ഞ മാസം സമാനരീതിയിൽ ഇത്തരം സംഘത്തിന്റെ അതിക്രമം ഉണ്ടായതായും പറയുന്നുണ്ട്. ഫോണിൽ സംസാരിച്ചു വരികെ പിറകിൽ വന്ന് ശരീരത്തിന്റെ പിറകിലൂടെ വന്ന് ലൈംഗിക അതിക്രമം നടത്തി എന്നും മറ്റ് പല വിദേശ വനിതകൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും കൗസ് പറയുന്നു. മാസ്‌ക് ധരിച്ചിട്ടുള്ളതിനാൽ അക്രമിയെ നേരെ കണ്ടിട്ടില്ലെന്നും എന്നാൽ തിരിച്ചറിയാൻ കഴിയുമെന്നും ഇവർ സൂചിപ്പിച്ചു.
ബീച്ചിലെ നടപ്പാതകളിലും റോഡുകളിലും ആവശ്യമായ തെരുവ് വിളക്കുകൾ രാത്രി കാലങ്ങളിൽ പ്രവർത്തിക്കാറില്ലെന്നും കൂടുതൽ തെരുവ് വിളക്കുകൾ ആവശ്യമാണെന്നും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കൊണ്ട് പ്രദേശം സുരക്ഷിതമാക്കണം എന്നും വിദേശവനിതകൾ ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാവും ആളുകൾ ഇത്തരത്തിൽ ഉള്ള മനസികവസ്ഥയിൽ പെരുമാറുന്നത് എന്ന ആക്ഷേപവും ഇവർക്ക് ഉണ്ട്. ലോകടൂറിസ്സ് ഭൂപടത്തിൽ ഇടംപിടിച്ചിട്ടുള്ള ഇടം കൂടിയാണ് വർക്കല. രാജ്യത്ത് ഉടനീളം കൊറോണ വ്യാപിച്ചതോടെ ടൂറിസം മേഖല തകർന്നടിയുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ടൂറിസത്തെ പ്രതികൂലമായി ബാധിക്കും എന്നതിലുപരി നമ്മുടെ സംസ്കാരത്തിന്റെ മൂല്യം കൂടി ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ആണ് നിലവിൽ ഉള്ളത്.