വീട് കയറി യുവതിയെയും ഭർത്താവിനെയും ആക്രമിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കഠിനംകുളം ജന്മിമുക്ക് അൻഷാദ് മൻസിലിൽ അൻഷാദ് (23), കോലിയക്കോട് മൺവിളമുകൾ അനീഷ് ഭവനിൽ അനു (23), കോലിയക്കോട് ചിറ്റാരിക്കോണം പുത്തൻ വീട്ടിൽ കണ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്. കോലിയക്കോട് കാപ്പിച്ചിറ രഞ്ജിത് ഭവനിൽ പല്ലവി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ന് രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഭർത്താവുമായുള്ള മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിക്കുകയും വീട്ടുസാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തുവെന്നായിരുന്നു പല്ലവിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.