അത്രവേഗം ദഹിക്കാത്ത വാക്കുകളും വർണ്ണനകളും,വിശാലമായ വാങ്മയ ചിത്രങ്ങളും കൂടിച്ചേരുമ്പോഴാണ് യഥാർഥ സാഹിത്യം രൂപം കൊള്ളുന്നത്-ഈ മിഥ്യാധാരണയെ പാടെ മാറ്റി മറിച്ചു കൊണ്ട് അനുസ്യൂതമായ പദപ്രയോഗങ്ങളെ നാടൻ ഭാഷയുടെ ചേരുവകളാക്കി സർഗ്ഗാത്മകതയുടെ സ്റ്റൈലൻ രീതികൾ മലയാളത്തിന് പരിചയപ്പെടുത്തിയ വിശ്വ വിഖ്യാതനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.സ്വന്തം ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥാ സന്ദർഭങ്ങളുടെ വേരുകൾ ഒട്ടും പൊട്ടിയിട്ടില്ലായിരുന്നു എന്ന് ഓരോ ബഷീർ കൃതികളും എടുത്ത് പറയുന്നു,കാരണം അതിലെല്ലാം ജീവിതം പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്.
‘തങ്കം’എന്ന തൂലികാ നാമത്തിൽ എഴുതി തുടങ്ങിയ എഴുത്തുകാരന്റെ രചനകൾ പിന്നീട് പത്തരമാറ്റിന്റെ സ്വീകാര്യതയിലേക്ക് വളർന്നു. ചെറുകഥകളായും,നോവലുകളായും,ലേഖനങ്ങളായും ജീവിതഗന്ധിയായ സർഗ്ഗാത്മകതയുടെ വൈവിധ്യമാർന്ന പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂന്തോട്ടത്തിന്റെ ശില്പിയാകാൻ സുൽത്താന് കഴിഞ്ഞു.ഈ വൈവിധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാകാം ഇംഗ്ലീഷ് സാഹിത്യകാരനായ ആർ.ഇ ആഷർ ഇങ്ങനെ അഭിപ്രായപ്പെട്ടത്, ‘ബഷീർ-മലയാളത്തിന്റെ സർഗ്ഗവിസ്മയം’.
കേശവൻ നായർക്ക് സാറാമ്മക്ക് കൊടുക്കാൻ പ്രേമലേഖനം എഴുതിയാണ് ബഷീർ തുടക്കമിടുന്നത്.പ്രണയവും,പോരാട്ടങ്ങളും,ത്യാഗവും,സ്മരണകളും നിറഞ്ഞ എഴുത്തുകളായിരുന്നു പിന്നീട്.
മലയാളത്തിൽ രണ്ട് ‘പൂവമ്പഴ’മുണ്ട്,ഒന്ന് കാരൂരിന്റെയും,മറ്റൊന്ന് ബഷീറിന്റെയും.കാരൂരിന്റെ പൂവമ്പഴം അന്തർജനത്തിന്റെ ജീവിത നേർക്കാഴ്‍ച്ചയാണെങ്കിൽ ബഷീറിന്റെ ആദ്യ ചെറുകഥ കൂടിയായ ‘പൂവമ്പഴം’ ദാമ്പത്യ സ്നേഹത്തിന്റെ സ്മരണയായി മാറുന്നു.
പീന്നീട് അവിടെ നിന്ന് ഓർമയുടെ അറകൾ ഓരോന്നോരോന്നായി തുറന്ന് നോക്കുമ്പോൾ മാതൃ സ്നേഹത്തിന്റെ മകുട ഭാവങ്ങളും, മനോഹരമായ പ്രണയങ്ങളും,ഉജ്ജ്വലമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും,ധർമ്മ രാജ്യത്തിലെ രാജ്യസ്നേഹവും,സഹജീവി സ്നേഹം നൽകുന്ന ആനന്ദവും,അങ്ങനെ ഒരുപാട് വൈവിധ്യമാർന്ന വികാരങ്ങളിലൂടെ കടന്ന് പോകാൻ കഴിയും.
ആടും,ആനയും,പൂവമ്പഴവും,മധുര നാരങ്ങയും,തണലു പടർത്തിയ മാങ്കോസ്റ്റിനും,കൂട്ടയോട്ടം നടത്തിയ എലികളും,എലികളെ പിടിക്കാൻ നടന്ന പൂച്ചകളും,വിരുന്നു വന്നിരുന്ന മൂർഖൻ പാമ്പുകളും,ഉമ്മ അഥവാ അമ്മ വളർത്തിയ കോഴികളും,അണ്ണാനും,തേൻമാവും,പ്ലാവും,തെങ്ങും തുടങ്ങിയ ഭൂമിയുടെ അവകാശികൾ എല്ലാം ചേർന്ന് ജൈവവൈവിധ്യം തീർക്കുകയാണ് ബഷീർ കൃതികളിൽ.
മൂക്ക് വളർന്നു പ്രശസ്തനാകുന്ന സഖാവ് മൂക്കനും,വീട്ടിൽ പല തവണ അഥിതിയായി വന്നിട്ടുള്ള മൂർഖൻ സഖാവും ഉൾപ്പെടെയുള്ള പല സഖാക്കളും,ആനവാരി രാമൻനായരും, പൊൻകുരിശ‌് തോമായും, എട്ടുകാലി മമ്മൂഞ്ഞും,മണ്ടൻ മുത്തപ്പയും,ഒറ്റക്കണ്ണൻ പോക്കറും, കുഞ്ഞുപാത്തുമ്മായും, സൈനബയും,മജീദും, സുഹ്റയും,അങ്ങനെ ജീവിതത്തിന്റെ ഭാഗമായവരെല്ലാം കഥാപാത്രങ്ങളാകുന്നത് ബഷീർ രചനകളിലല്ലാതെ മറ്റെവിടെയുണ്ടാകും.
അണ്ഡകടാഹം,കശ്മലച്ചി, പഹയന്‍, ബെഡക്കൂസ്,യമണ്ടൻ തുടങ്ങിയ ബഷീറിന്റെ ഇമ്മിണി വലിയ വാക്കുകള്‍ക്ക് മുന്നിൽ നിഘണ്ടു പോലും തോറ്റു പോയ ചരിത്രമാണ്,ഇവിടെയാണ് സുകുമാർ അഴീക്കോട് പറഞ്ഞത് പോലെ ബേപ്പൂർ സുൽത്താൻ ഗ്രന്ഥ കർത്താവ് എന്നതിലുപരി ഭാഷീകർത്താവായി മാറുന്നത്.ഈ അവതരണ ശൈലി തന്നെയാണ് ബഷീർ കൃതികളെ വിശ്വവിഖ്യാതമാക്കിയതും.ഹാസ്യ രൂപേണയുള്ള രചനാരീതി എന്ന് പറയുമ്പോഴും, അതിലൊന്നും വെറും തമാശകളല്ലായിരുന്നു.സുതാര്യമായ മർമ്മങ്ങൾ നിഴലിച്ചു നിന്ന നർമ്മങ്ങൾ,ഒരു പിടി ചിന്തകളെ അടക്കിപ്പിടിച്ച ഓർമയുടെ അറകൾ.
റിപ്പോർട്ട് – ആഷിക് നഗരൂർ