പാങ്ങോട്: പുലിപ്പാറയിലെ അനധികൃത കശാപ്പു ശാലയുടെ നടത്തിപ്പിനെ സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കി. കല്ലറ പാങ്ങോട് പ്രധാന റോഡില്‍ പുലിപ്പാറ എം.ടി.എം. സ്‌കൂള്‍, പുലിപ്പാറ മുസ്ലിം ജമാഅത്ത്, ബസ് സ്‌റ്റോപ്പ് എന്നിവയക്ക് സമീപമാണ് അനധികൃത കശാപ്പുശാല നടത്തുന്നത്.
കശാപ്പുശാല നടത്തേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡു വക്കില്‍ രോഗം വന്നതും ആരോഗ്യമില്ലാത്തതുമായ മാടുകളെ കൊണ്ടുവന്ന് കശാപ്പു ചെയ്യുകയാണെന്നാണ് പരാതി.
ദിവസേന ആയിരക്കണക്കിനു യാത്രക്കാര്‍ കടന്നു പോകുന്ന റോഡിനു സമീപമായാണ് മാടുകളെ കശാപ്പു ചെയ്യുന്നതും ഇറച്ചി വില്‍പ്പനയ്‌ക്കായി തൂക്കിയിട്ടിരിക്കുന്നതും. വാഹനങ്ങള്‍കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പൊടിപടലങ്ങള്‍ മാംസത്തില്‍പറ്റി രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.
പാങ്ങോട് പബ്ലിക് മാര്‍ക്കറ്റിലെ ഇറച്ചിക്കട ലേലത്തില്‍ പിടിച്ചതിന്റെ മറവിലാണ് ഈ അനധികൃത വ്യാപാരം. കശാപ്പു ചെയ്യുന്ന അറവുമാലിന്യങ്ങള്‍ മരുതമണ്‍ തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്.
നൂറുകണക്കിനു കുടുംബങ്ങളാണ് കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഈ തോടിനെ ആശ്രയിക്കുന്നത്. ഇത് ഗുരുതരമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്കാണ് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.