കാട്ടാക്കട: സ്കൂട്ടർ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം.കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിൽ സ്കൂട്ടർ വർക്ക് ഷോപ്പിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഇരുപത്തഞ്ചോളം സ്കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂർണ്ണമായും കത്തി.പാലേലി സ്വദേശി ജയന്റെ വർക്ക്ഷോപ്പാണ് പൂർണ്ണമായും കത്തി നശിച്ചത്. ഇന്നലെ അർധരാത്രി 11 നും 12 നും ഇടയ്ക്കാണ് സംഭവം.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. ഇവർ എത്തി തീ കെടുത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമീപത്തേക്ക് തീ പടരാത്തതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാത്രി 9 ന് വർക്ക് ഷോപ്പ് അടച്ചതിനു ശേഷം ജയൻ പോയിരുന്നു. ഷോർട്ട് സർക്യൂട്ടാണോ കാരണം എന്നത് അന്വേഷിക്കുന്നു. കടയിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ ഒന്നാകെ കത്തിയമർന്നു. പോലീസ് അന്വേഷണം തുടങ്ങി.
 
								 
															 
								 
								 
															 
															 
				

