വർക്കല :താഴെ വെട്ടൂർ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശങ്കയിലായി. കടൽക്കാറ്റും ആഞ്ഞ് വീശുന്നുണ്ട്. പത്തോളം വീടുകൾക്ക് സമീപംവരെ വെള്ളമെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കടൽക്ഷോഭം രൂക്ഷമായി വെള്ളം കരയിലേക്ക് ഇടിച്ച് കയറുകയാണ്. കരയിലേക്ക് കയറുന്ന വെള്ളം തിരികെ കടലിലേക്ക് പോകാത്ത സ്ഥിതിയാണ്. ഏലാത്തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളവും കടലിലേക്ക് പോകാത്ത അവസ്ഥയായി. ഇതോടെ വീടിന് പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ.
ജെസിബി ഉപയോഗിച്ച് വെട്ടൂർ പൊഴി മുറിച്ചാൽമാത്രമേ വെള്ളം രണ്ടായി വിഭജിക്കാൻ കഴിയുകയുള്ളൂ. യുഡിഎഫ് ഭരണനേതൃത്വത്തിലുള്ള വെട്ടൂർ പഞ്ചായത്തിൽ മുമ്പും സമാനമായ സംഭവം ഉണ്ടായെങ്കിലും അന്ന് ജെസിബി ഉപയോഗിച്ച് പൊഴി മുറിച്ചതിന്റെ ചെലവ് പഞ്ചായത്ത് അധികൃതർ വഹിക്കാത്തതിനാൽ ഇപ്പോൾ ജെസിബി എത്താൻ വിമുഖത കാണിക്കുകയാണ്. രാത്രി ഏറിയും നടപടി സ്വീകരിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആശങ്കയിലാണ്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. വർക്കല പൊലീസ്, റവന്യൂ അധികൃതർ, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെട്ടെന്നുണ്ടായ കടലാക്രമണത്തിന്റെ തീവ്രതയിൽ പ്രദേശത്തെ വീടുകളുടെ നിലനില്പിന് തന്നെ ഭീഷണിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.