അരുവിക്കര: ശക്തമായ ഇടിമിന്നലിൽ വെള്ളൂർക്കോണത്ത് വീട് തകർന്നു. വെള്ളൂർക്കോണം കുരിശ്ശടിയ്ക്കു സമീപം ബൈജുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായത്. വീട്ടിനുള്ളിലെ ഫാൻ, ലൈറ്റ്, സ്വിച്ച് ബോർഡുകൾ എന്നിവ കത്തിനശിച്ചു. വീട്ടിനു പുറത്ത് സ്ഥാപിച്ചിരുന്ന വൈദ്യുതമീറ്റർ, പമ്പ് സെറ്റ്, പി.വി.സി പൈപ്പുകൊണ്ടുള്ള വാട്ടർ കണക്ഷനുകൾ തുടങ്ങിയവയെല്ലാം തകർന്നു. വീടിന്റെ പലയിടങ്ങളിലും വിള്ളൽ വീണു. വീടിനടത്തുള്ള വാഴകൾക്കും തെങ്ങിനും തീ പിടിച്ചു. ബൈജുവും ഭാര്യ പ്രിയയും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർക്ക് മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല. സമീപവാസികളായ അഡ്വ: ഗിരീശൻ, വിനോദ്, രാജേന്ദ്രൻ, അബൂബേക്കർ, കുട്ടപ്പനാശാരി എന്നിവരുടെ വീട്ടിലെ കംപ്യൂട്ടർ, ടി.വി, ഫ്രിഡ്ജ്, ലൈറ്റുകൾ തുടങ്ങിയ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടു സംഭവിച്ചിട്ടുണ്ട്. പലസ്ഥലങ്ങളിലെയും വൈദ്യുത കേബിൾ കണക്ഷനുകൾ വിഛേദിക്കപ്പെട്ടു. ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിരമായി ധനസഹായം നൽകണമെന്ന് വാർഡ് മെമ്പർ സി. രജിതകുമാരി അധികൃതരോട് ആവശ്യപ്പെട്ടു.