പാലോട്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുത്ത കേസിൽ സീരിയൽ നടൻ അറസ്റ്റിലായി. പാലോട് കരിമൺകോട് സ്വദേശി ഷാൻ (25) ആണ് പാലോട് പോലീസിന്റെ പിടിയിലായത്.
സീരിയലിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും ഇയാൾ പെൺകുട്ടിക്ക് വാഗ്ദാനം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഫോട്ടോകൾ, ഫോട്ടോഷോപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. പിന്നീടിവർ തെറ്റിപ്പിരിഞ്ഞു. ഗൾഫിലുള്ള യുവാവുമായി പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഷാൻ, നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. ഫോട്ടോകൾ കണ്ട യുവാവ് പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പോലീസിന് പരാതി നൽകുകയായിരുന്നു. പാലോട് സി.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിൽ ആറു വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ഷാൻ പെൺകുട്ടിയുടെ ചിത്രങ്ങൾ പലർക്കായി അയച്ചുകൊടുത്തത്. പോക്‌സോ, ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.