ആറ്റിങ്ങലിൽ സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫ്, തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്, ചരിത്രം കുറിക്കുമെന്ന് ബി.ജെ.പി

ei2TESO63689

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിങ്‌ ഉയർന്നതിൽ എല്ലാ മുന്നണികൾക്കും പ്രതീക്ഷ. കഴിഞ്ഞ തവണ 68.71 ശതമാനമായിരുന്നു പോളിങ്‌. ഇത്തവണ അത് 74.23 ആയി ഉയർന്നു. ആറ്റിങ്ങലിലും സ്ത്രീകളാണ് കൂടുതൽ വോട്ടുചെയ്യാനെത്തിയത്. 5.40 ലക്ഷം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്തിയത്. 6.29 ലക്ഷം പുരുഷ വോട്ടർമാരിൽ 4.59 ലക്ഷം പേർ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്.

വോട്ടിങ് ശതമാനം ഉയർന്നതിനാൽ വിജയം ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. എന്നാൽ, കഴിഞ്ഞ തവണത്തെക്കാൾ പോളിങ്‌ ഉയർന്നത് മണ്ഡലം തിരിച്ചുപിടിക്കാൻ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എന്നാൽ, ഇത്തവണ സ്ത്രീ വോട്ടർമാർ അധികമായെത്തി വോട്ടുചെയ്തതിനാൽ മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ആറു ശതമാനം പോളിങ്‌ വർധിച്ചത് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫാണ് ലീഡുചെയ്തത്. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.

ഇത്തവണ വാശിയേറിയ പോരാട്ടമാണ് ആറ്റിങ്ങലിൽ നടന്നത്. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ്. എ.സമ്പത്തിനെയും മണ്ഡലം തിരിച്ചുപടിക്കാൻ യു.ഡി.എഫ്. കോന്നി എം.എൽ.എ.യായ അടൂർ പ്രകാശിനെയും രംഗത്തിറക്കി. ബി.ജെ.പി. ശോഭാ സുരേന്ദ്രനെക്കൂടി രംഗത്തിറക്കിയതോടെ ആറ്റിങ്ങലിലെ മത്സരത്തിനു വാശിയേറി. എൽ.ഡി.എഫ്. സ്ഥാനാർഥി എ.സമ്പത്ത് തുടക്കം മുതൽ പ്രചാരണരംഗത്ത് സജീവമായിരുന്നു. അടൂർ പ്രകാശ് വൈകിയാണ് പ്രചാരണത്തിനിറങ്ങിയതെങ്കിലും എൽ.ഡി.എഫിനൊപ്പം യു.ഡി.എഫും പ്രചാരണത്തിൽ മുന്നേറി. ശോഭാ സുരേന്ദ്രനും ഇരു മുന്നണികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായിരുന്നു. പ്രചാരണം കൊഴുത്തതോടെ ഇവിടത്തെ വിജയം പ്രവചനാതീതമായി.

മണ്ഡലം തിരിച്ചുപിടിക്കും- യു.ഡി.എഫ്.

പോളിങ്‌ ഉയർന്നത് യു.ഡി.എഫിന് ഗുണംചെയ്യുമെന്ന് യു.ഡി.എഫ്. ആറ്റിങ്ങൽ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. വോട്ടർമാർ നിലനിൽപ്പിനുവേണ്ടിയാണ് കൂട്ടത്തോടെ വന്ന് വോട്ടുചെയ്തത്. സർക്കാരിനോടുള്ള എതിർപ്പാണ് സ്ത്രീ വോട്ടർമാർ കൂട്ടത്തോടെയെത്തി വോട്ടുചെയ്യാൻ കാരണം. കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, വർക്കല എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ്. നല്ല ഭൂരിപക്ഷം നേടും. വാമനപുരത്ത് രണ്ടാം സ്ഥാനം നേടി ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കരകുളം പറഞ്ഞു.

സമ്പത്ത് സീറ്റ് നിലനിർത്തും- എൽ.ഡി.എഫ്.

അരുവിക്കര ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും മികച്ച ലീഡ് നേടി ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ്. നിലനിർത്തുമെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ. മണ്ഡലത്തിൽ പുതുതായി 1.89 ലക്ഷം പുതിയ വോട്ടർമാർ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും എൽ.ഡി.എഫിന് അനുകൂലമായിരിക്കും. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്ന് സി.പി.എം. നേതാവ് വി.ശിവൻകുട്ടി പറഞ്ഞു.

സ്ത്രീ വോട്ടർമാരിൽ പ്രതീക്ഷ – ബി.ജെ.പി.

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടിങ് പാറ്റേൺ ബി.ജെ.പി.ക്ക് അനുകൂലമാണെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ പറഞ്ഞു. ആറ്റിങ്ങലിൽ ഒരു ലക്ഷത്തോളം സ്ത്രീകൾ പുരുഷന്മാരെക്കാൾ അധികമായി വോട്ടുചെയ്തിട്ടുണ്ട്. ഇത് ബി.ജെ.പി. സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കുന്നതാണ്. മിക്ക നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ ലീഡ് ബി.ജെ.പി.ക്കു നേടാനാകുമെന്നും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!