കിളിമാനൂർ : പറന്ന് ഉയരുന്നതിനിടെ കിണറ്റിലകപ്പെട്ട മയിലിന് രക്ഷകരായി ഫയർ ഫോഴ്സ്. പാപ്പാല, കണ്ണംകുളം , ചരുവിള വീട്ടിൽ മോഹനൻ നായരുടെ കിണറ്റിലാണ് മയിൽ അകപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയ്ക്കായിരുന്നു സംഭവം.തുടർന്ന് ഫയർ ആന്റ് റസ്ക്യൂ സർവ്വീസിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി മയിലിനെ രക്ഷിക്കുകയുമായിരുന്നു. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി മയിലുകളുടെ താവളമാണ്. പതിവായി വീട്ടിലെത്തി വീട്ടുകാർ നൽകുന്ന ആഹാരം കഴിക്കാറുള്ള പെൺമയിലാണ് ഇത്. ആഹാരം കഴിച്ച് പറന്ന് പൊങ്ങുന്നതിനിടയിൽ കിണറ്റിൽ സ്ഥാപിച്ചിരുന്ന വലയിൽ കുരുങ്ങി താഴേയ്ക്ക് പതിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചങ്കിലും അവർ എത്തും മുൻപേ രക്ഷപ്പെടുത്തിയ മയിൽ പറന്നു പോയി. വെഞ്ഞാറമൂട് സ്റ്റേഷൻ ഓഫിസർ ജോർജ്, എഫ്.ആർ.ഒ മാരായ സജീവ്, അനിൽകുമാർ,ശ്യാം, റോഷൻ, ഹോം ഗാർഡ് അരവിന്ദ് , സിവിൽ ഡിഫൻസ് അംഗങ്ങളായ ദിനൂപ്, മുഹമ്മദ് സമീർ എന്നിവരടങ്ങുന്ന സംഘമാണ് മയിലിനെ രക്ഷിച്ചത്.