നഗരൂർ :നഗരൂരിൽ മൊബൈൽ നന്നാക്കാൻ വൈകിയതിൽ പ്രകോപിതനായ വൃദ്ധൻ കടയിലെ ജീവനക്കാരെ വെട്ടിപരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയായ വെള്ളല്ലൂർ ശിവൻമുക്കിൽ മാഹീൻ മൻസിലിൽ ഫസിലുദീൻ(70) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 10 അര മണിയോടെയാണ് സംഭവം. നഗരൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എം.എസ് മൊബൈൽ എന്ന കടയിൽ ഫസിലുദീൻ മൊബൈൽ ഫോൺ നന്നാക്കാൻ നൽകിയിരുന്നു. ഇന്ന് രാവിലെ കടയിലെത്തിയ ഫസിലുദീൻ മൊബൈൽ നന്നാക്കിയോ എന്ന് ചോദിച്ചു. മൊബൈൽ ഫോൺ നന്നാക്കാനുള്ള ഒരു പാർട്ട് കിട്ടാത്തതിനാൽ നന്നാക്കിയില്ല എന്ന് കടയിൽ ഉണ്ടായിരുന്നവർ പറഞ്ഞു. തുടർന്നു പ്രകോപിതനായ ഫസിലുദീൻ പുറത്തു പോയി വാള് എടുത്ത് കൊണ്ട് വന്നു കടയിൽ ഉണ്ടായിരുന്ന രണ്ടുപേരെ വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുരേന്ദ്രന്റെ മകൻ സുനിക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാസിലുദീനെ നാട്ടുകാർ ചേർന്നു പിടിച്ചു വെച്ച് പോലീസിന് കൈമാറി. നഗരൂർ എസ്. ഐ ഷിജു, പോലീസുകാരായ അഷറഫ്, പ്രവീൺ എന്നിവർ ചേർന്നു പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.