നെടുമങ്ങാട് : ഓട്ടോയിൽ ആളെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഗുണ്ടാ സംഘം അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് ചന്തവിള സൂര്യാഭവനിൽ സുരേഷ് ( 49), നെടുമങ്ങാട് 10-ാം കല്ല് നാലുതുണ്ടം മേലേക്കര ശ്യാം നിവാസിൽ കമ്മൽശ്യാം എന്ന് വിളിക്കുന്ന ശ്യാംകുമാർ ( 29), കരിപ്പൂര് മഞ്ച കാവുംപുറം പൊന്നമ്പി ക്ഷേത്രത്തിന് സമീപം ഗിരിജാ ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന കൊച്ചു കണ്ണൻ ( 29) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് കല്ലിങ്ങൽ ഭാഗത്തുവച്ച് 25നു രാത്രി ഷാനവാസ് എന്നയാളെ ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റികൊണ്ട് പോയി ദേഹോപദ്രവമേൽപ്പിച്ച് കൈവശമുണ്ടായിരുന്ന 22,250/-രൂപ പിടിച്ചു പറിച്ചെടുക്കുകയായിരുന്നു. ഈ കേസ്സിലെ 1-ാം പ്രതിയായ സി.സി. പ്രശാന്ത് ഒളിവിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. നെടുമങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. സാബിർ, എസ്. സി.പി. ഓ. ഫ്രാങ്ക്‌ളിൻ, പോലീസുകാരായ സനൽ രാജ്, ബിജു, സജു, ജയകുമാർ, നസീം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.