പള്ളിക്കൽ : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത പ്രതിയെ പള്ളിക്കൽ പോലീസ്. മടവൂർ, കുന്നത്തുകോണം, പണയിൽ വീട്ടിൽ ബിജു (35) ആണ് അറസ്റ്റിലായത്.
മടവൂർ ആനകുന്നത് താമസിക്കുന്ന കല്ലുവിള വീട്ടിൽ 70 വയസുള്ള വൃദ്ധയുടെ കഴുത്തിൽ കിടന്ന മാലയാണ് ഓഗസ്റ്റ് ഒന്നാം തീയതി രാത്രി എട്ടു മണിയോട് കൂടി പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പൊട്ടിച്ചെടുത്തത്. വൃദ്ധ ഒറ്റയ്ക്കു താമസിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്താണ് പ്രതി കൃത്യം നിർവഹിച്ചത്. മാല പൊട്ടിച്ചെടുത്ത പ്രതി വൃദ്ധയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ പ്രതി സംഭവത്തിനു ശേഷം ഒളിവിൽ പോവുകയും പ്രതിയെ ആഗസ്ത് രണ്ടാം തീയതി രാവിലെ പള്ളിക്കൽ പോലീസ് പിടികൂടുകയുമായിരുന്നു. വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്നത് കഴിഞ്ഞ കുറെ ദിവസമായി പ്രതി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിക്ക് സമീപ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പിടികൂടിയ പ്രതിയിൽ നിന്നും പൊട്ടിച്ചെടുത്ത മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. സി.ഐ.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സാഹിൽ.എം ,വിജയകുമാർ, എസ്.പി.ഒ.രാജീവ്, സി.പി.ഒ.ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.