പോത്തൻകോട് :സ്ത്രീയെ തള്ളിയിട്ട് മാല കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ രണ്ടുവർഷത്തിനുശേഷം പിടിയിൽ. ആലംകോട് മേലാറ്റിങ്ങൽ കാണവിള വീട്ടിൽ പച്ചന്റെ മകൻ ജയിൽചാടി ബാബു എന്ന് വിളിക്കുന്ന ചന്ദ്രബാബു, ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
2019ലാണ് സംഭവം. പോത്തൻകോട് വച്ച് വഴി യാത്രക്കാരിയായ സ്ത്രീയോട് വാടകയ്ക്ക് എടുത്ത വാഗൺ ആർ കാറിലെത്തിയ മൂന്നാംഗ സംഘം വഴിചോദിക്കാൻ എന്ന വ്യാജേനെ സ്ത്രീയെ തടഞ്ഞുനിർത്തി തള്ളിയിട്ട് കഴുത്തിന് പിന്നിൽ അടിച്ചശേഷം രണ്ടു പവനിധികം വരുന്ന സ്വർണമാല കവർന്ന ശേഷം രക്ഷപ്പെട്ടു. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ പിടികൂടി. എന്നാൽ മോഷണമുതൽ വാങ്ങിയ നാലും അഞ്ചും പ്രതികളായ ചന്ദ്രബാബുവും ഭാര്യ ബിന്ദുവും മറ്റ് പ്രതികൾ പിടിയിലായതറിഞ്ഞ് ജാമ്യത്തിനു പോവുകയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോകുകയും ചെയ്തു.കഴക്കൂട്ടത്ത് ശാന്തിനഗറിൽ വാടകയ്ക്ക് വീടെടുത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു ഇരുവരും.കളവുമുതൽ കൈവശം വച്ചതിനുള്ള കുറ്റകൃത്യത്തിനാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.മോഷണം നടത്തിയ മുതൽ ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിൽ കൊടുത്ത് മാറ്റിയിരുന്നു.
നെടുമങ്ങാട് ഡിവൈഎസ് പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് എസ്എച്ച്ഒ ശ്യാം, എസ്ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ ഷാബു, എസ്.സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ,അശ്വതി, ധന്യ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു