വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെയും കോളജ് വിദ്യാർത്ഥിനിയെയും തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കൊണ്ണിയൂർ ഈന്തിവിള അർഷാനാ മൻസിലിൽ നിഷാദ് (24), വിതുര കളിയിക്കൽ ചരുവിളാകത്ത് വീട്ടിൽ അരുൺ ജിത്ത് (24) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ഇരുവരും ബൈക്കിൽ പോകവേ കാരണം കൂടാതെ വഴിപോക്കരായ സ്ത്രീകളെ അപമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എ.എസ്.ഐ പത്മരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.