നെടുമങ്ങാട് : വ്യത്യസ്ത മോഷണക്കേസുകളിൽ രണ്ട് പേർ പിടിയിൽ.
കഴിഞ്ഞ 8 ന് രാത്രി 11.30 ന് കൂടി നെടുമങ്ങാട് ജില്ലാ ആശുപത്രി പഴയ ഓഫിസ് കെട്ടിടത്തിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന നെടുമങ്ങാട് പത്താംകല്ല് സ്വദേശി സെബിൻ രാജിന്റെ കൈവശം ഉണ്ടായിരുന്ന ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണും അഞ്ഞൂറു രൂപ വിലയുള്ള വാച്ചും ആറായിരം രൂപയും കവർന്ന കേസിൽ തൊളിക്കോട് പനക്കോട് മുളയടി സത്യവാസ് ഭവനിൽ എസ്. മുരുകൻ (32) അറസ്റ്റിൽ. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു സെബിൻരാജ്.
തിരുവല്ലം വാഴമുട്ടം സ്വദേശി മനോജ് കൃഷ്ണ വാടകയ്ക്ക് താമസിക്കുന്ന പുളിഞ്ചിയിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപ കഴിഞ്ഞ 8ന് വൈകിട്ട് മോഷ്ടിച്ച കേസിൽ നെടുമങ്ങാട് പുളിഞ്ചി ഉമ്മൻകോട് നെല്ലിവിളാകത്തു വീട്ടിൽ വാടകയ്ക്ക് താമസം ജെ. സുരേഷ് (46) അറസ്റ്റിൽ. സുരേഷിനെതിരെ നെടുമങ്ങാട് സ്റ്റേഷനിൽ വേറെയും മോഷണക്കേസുകൾ നിലവിലുണ്ട്.
നെടുമങ്ങാട് ഇൻസ്പെക്ടർ വി.രാജേഷ് കുമാർ, എസ്ഐമാരായ സുനിൽ ഗോപി, പ്രസാദ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത മോഷ്ടാക്കളെ കോടതി റിമാൻഡ് ചെയ്തു.