വെഞ്ഞാറമൂട്: വീടിന് സമീപത്തെ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെയും കുടുംബത്തേയും സാമൂഹ്യവിരുദ്ധ സംഘം വീടു കയറി ആക്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുന്തറ നീർച്ചാലിൽ കോളനി വീട്ടിൽ പ്രഭാകരൻ (52) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കമ്പി പാര ഉപയോഗിച്ചുള്ള മർദനത്തിൽ നട്ടെല്ലിന് പൊട്ടൽ ഉള്ളതായും പരാതിയിൽ പറയുന്നു. ഭാര്യ പ്രസന്ന (45) മകൻ പ്രതിഷ് ( 22), പ്രസന്നയുടെ അമ്മ ശാരദ (60) എന്നിവർക്കും പരിക്ക് ഉണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീടിനടുത്ത് സ്ഥിരമായി മദ്യപിക്കുകയും വഴി നടക്കുന്നവരെ തെറി പറയുകയും ചെയ്തത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. പോലീസ് അന്വേഷണം ആരംഭിച്ചു.