അഞ്ചുതെങ്ങ്: ചരിത്രസ്മാരകമായ അഞ്ചുതെങ്ങ് കോട്ടയുടെ അറ്റകുറ്റപ്പണികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് പൂർണമായും വെട്ടുകല്ലിൽ നിർമിച്ച കോട്ടയാണിത്. കാലപ്പഴക്കംകൊണ്ട് കോട്ടയ്ക്ക് നാശം സംഭവിക്കുവാൻ തുടങ്ങിയപ്പോഴാണ് ഇരുപതുവർഷം മുൻപ് കോട്ട പൂർണമായും സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് സംരക്ഷിച്ചത്. എങ്കിലും കാലംകഴിഞ്ഞപ്പോൾ കോട്ടയുടെ ചിലഭാഗങ്ങളിൽ ചുമരുകളിൽ വിള്ളൽ വീണ് പൊളിഞ്ഞു. ഈ ഭാഗം അതേ മാതൃകയിൽ പുനർനിർമിക്കുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു കീഴിലെ സംരക്ഷിത സ്മാരകമായ കോട്ട തീരദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഏറെക്കാലത്തിനുശേഷം കോട്ടയ്ക്കുള്ളിൽ സൗന്ദര്യവത്‌കരണ പ്രവൃത്തി നടത്തിയതിനുശേഷമാണ് സഞ്ചാരികൾ കോട്ടയിൽ വീണ്ടും സന്ദർശിച്ചുതുടങ്ങിയത്. ഒരുവർഷം മുൻപാണ് കോട്ടയ്ക്കുള്ളിൽ സൗന്ദര്യവത്‌കരണം നടത്തുകയും പൂന്തോട്ടം പുനർനിർമിക്കുകയും ചെയ്തിരുന്നത്. സമാന പരിഗണനയുള്ള സംസ്ഥാനത്ത ഏതാണ്ട് എല്ലാ കോട്ടകളിലും പൂന്തോട്ടവും വിനോദസഞ്ചാരികൾക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. എന്നാൽ, അഞ്ചുതെങ്ങ് കോട്ടയിൽ സൗകര്യങ്ങളുടെ അഭാവമുണ്ടായിരുന്നു.
വിള്ളൽവീണതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ ഭാഗങ്ങളിലെ ഭിത്തി പൊളിച്ച് പണിയുകയാണിപ്പോൾ. പാറയും കുമ്മായക്കൂട്ടും കൊണ്ടുള്ള പഴയ നിർമിതിയിൽ കനംകുറഞ്ഞ വെട്ടുകല്ല് ഉപയോഗിച്ചാണ് കോട്ട നിർമിച്ചിരുന്നത്. ഇതേ മാതൃകയിൽ വെട്ടുകല്ല് ഉപയോഗിച്ച് തന്നെയാണ് ഇപ്പോൾ ഭിത്തി പുനർനിർമിക്കുന്നത്. വർക്കല വെട്ടൂരിൽനിന്ന് എത്തിക്കുന്ന വെട്ടുകല്ലാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇതിനുപുറമേ സിമന്റ് ഉപയോഗിച്ച് പൂശി ബലപ്പെടുത്തും.
എ.ഡി. 1696 ഒക്ടോബറിലാണ് കോട്ട നിർമാണത്തിന് ആരംഭംകുറിച്ചത്. കോട്ടയുടെ നിർമാണ ഘട്ടത്തിൽ പലപ്പോഴായി നാട്ടുകാരിൽനിന്നുള്ള എതിർപ്പുകളെ കമ്പനിക്ക് നേരിടേണ്ടിവന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് അഞ്ചുതെങ്ങ് കോട്ട ബ്രിട്ടീഷുകാരുടെ സൈനികത്താവളമായും ഭരണകേന്ദ്രമായും മാറി. 1721-ലെ ആറ്റിങ്ങൽ കലാപത്തിനും കോട്ട സാക്ഷ്യംവഹിച്ചു.