ഒർജിനൽ സ്വർണ്ണത്തെ വെല്ലുന്ന മുക്കുപണ്ടം, പള്ളിക്കൽ പൊലീസ് പൂട്ടിയത് വൻ മാഫിയയെ….

eiWHA5330053

പള്ളിക്കൽ : സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും , ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ സംഘത്തിലെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ദമായ രീതിയിൽ ഒർജിനൽ സ്വർണ്ണത്തെ വെല്ലുന്ന തരത്തിൽ മുക്കുപണ്ടം നിർമ്മിച്ച് നൽകുന്ന തൃശൂർ ,കുറ്റൂർ , ആട്ടോർ നടുക്കുടി ഹൗസിൽ മണികണ്ഠന്റെ (52 ) നേതൃത്വത്തിൽ ഉള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്. മലപ്പുറം ,കരുവാരകുണ്ട് കുന്നത്ത് ഹൗസിൽ ഇർഷാദ്(26) , മലപ്പുറം , കോട്ടൂർ ,ചുരപ്പുലാൻ ഹൗസിൽ മജീദ് (36 ) , കിളിമാനൂർ , പാപ്പാല ബി.എസ് .എച്ച് മൻസിലിൽ ഹാനിസ് (37) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവർ . ഇവരുടെ നേതൃത്വത്തിലുള്ള വൻ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠൻ മുക്കുപണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്നത്. ഈ ശ്രിംഖലയിലെ അഞ്ച് പേരെ പള്ളിക്കൽ പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കടയ്ക്കൽ , മതിര സ്വദേശി ആയ റഹീം ആയിരുന്നു അതിലെ തലവൻ .ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിലാണ് മണികണ്ഠനും സംഘവും അറസ്റ്റിൽ ആകുന്നത്.

അറസ്റ്റിലായ മണികണ്ഠൻ അഞ്ചു വർഷങ്ങൾക്കു മുൻപ് കോഴിക്കോട് ,കാസർകോട് ,വയനാട് ,മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളിൽ പ്രതിയാണ് . ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ നാലു വർഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാൾ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകൾ നിലവിലുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. മുക്കുപണ്ടം വാങ്ങാൻ എത്തുന്ന സ്വന്തം സംഘാംഗങ്ങൾക്ക് പോലും ഇയാളുടെ വാസസ്ഥലമോ , മുക്കുപണ്ട നിർമ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ലാ. രഹസ്യ താവളത്തിൽ താമസിച്ച് ഇയാൾ നിർബാധം മുക്കുപണ്ട നിർമ്മാണം തുടരുകയായിരുന്നു.

റഹീമും സംഘവും പോലീസ് പിടിയിലായ വിവരം അറിഞ്ഞ് ഇപ്പോൾ പിടിയിലായവർ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് , മുക്കുപണ്ട നിർമ്മാണ സംഘത്തെ മുഴുവനായി പിടികൂടുവാൻ അന്വേഷണ സംഘത്തിനായത്. മുക്കുപണ്ട നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ലക്ഷങ്ങൾ വില വരുന്ന ആധുനിക യന്ത്രസാമഗ്രികൾ കൂടി ഇവരിൽ നിന്നും പിടിച്ചെടുക്കുന്നതോടെ മുക്കുപണ്ട മാഫിയയുടെ പ്രവർത്തനം കേരളത്തിൽ അവസാനിപ്പിക്കുവാൻ ആകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പള്ളിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പ് , മുത്തൂറ്റ് ഫൈനാൻസ് , മഹാലക്ഷ്മി ഫൈനാൻസ് , പകൽക്കുറിയിൽ പ്രവർത്തിക്കുന്ന അഖിലേഷ് ഫൈനാൻസ് , കപ്പാംവിള മഹാലക്ഷ്മി ഫൈനാൻസ് , വേമൂട് ജെയ്സൺ ഫൈനാൻസ് ,കൊല്ലം ജില്ലയിലെ പാരിപ്പളളി അമ്മ ഫൈനാൻസ് , വേള മാനൂർ തിരുവോണം ഫൈനാൻസ് എന്നിവിടങ്ങളിൽ മുക്കുപണ്ട പണയ തട്ടിപ്പ് ഇവർ നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസ്സുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണത്തിലൂടെ ഇത്തരത്തിൽ ഉള്ള എല്ലാ തട്ടിപ്പുകളും തെളിയിക്കാനാകും.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ് , പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ ഡി. മിഥുൻ , സബ് ഇൻസ്പെക്ടർ വി.ഗംഗാപ്രസാദ് , എ.എസ്.ഐ ഉദയൻ റൂറൽ ഷാഡോ ടീമംഗം ബി. ദിലീപ് , പള്ളിക്കൽ സ്‌റ്റേഷനിലെ സി.പി.ഒ മാരായ ഷാൻ , അനീഷ് , സുധീർ , ശ്രീരാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!