വെഞ്ഞാറമൂട് : ആലംകോട് ബ്രദേഴ്സ് വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ സദ്യയൊരുക്കി. ചാരിറ്റി വില്ലേജിലെ അന്തേവാസികൾക്കും സന്നദ്ധ പ്രവർത്തകർക്കും ജീവനക്കാർക്കും ഉൾപ്പെടെ നൂറോളം പേർക്കാണ് ആലംകോട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഓണസദ്യ ഒരുക്കിയത്.
രാപ്പകലുകളുടെ മാറിമറിയലുകൾ തിരിച്ചറിയാനോ ആഹാരമോ ദാഹജലമോ വേണമെന്നു പറയാനോ സ്വന്തം ശരീരത്തിലെ മാലിന്യങ്ങൾ പോലും വേണ്ടതു പോലെ നീക്കം ചെയ്യുവാനോ കഴിയാത്തവരുടെയും കാഴ്ചയും കേൾവിയും സംസാരവും അന്യമായവരുടെയും ലോകമാണ് ചാരിറ്റി വില്ലേജ്. അങ്ങനെ പലകാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വിദൂരങ്ങളിലേക്ക് മാറി നടക്കാൻ വിധിക്കപ്പെട്ടു പോകുന്ന ഹതഭാഗ്യരായ ജീവിതങ്ങളെ വിധികളോട് പൊരുതി സ്വന്തമായി എഴുന്നേറ്റു നിൽക്കാനും പിടിക്കാതെ നടക്കാനും സ്വപ്നങ്ങൾ സാധ്യമാക്കാനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിലായി കർമ്മ വീഥിയിൽ ഒരു പതിറ്റാണ്ട് പിന്നിടുന്ന സമാനതകളില്ലാത്ത പ്രഥമ സന്നദ്ധ സേവന പ്രസ്ഥാനം ആണ് ( ESTD 2011 ) വെഞ്ഞാറമൂടിലെ ചാരിറ്റി വില്ലേജ് .
ആലംകോട് ബ്രദേഴ്സ് ഗ്രൂപ്പ് അഡ്മിൻ പാനലിനെയും ഗ്രൂപ്പ് അംഗങ്ങളെയും പ്രതിനിധീകരിച്ചവർ തന്നെയാണ് ചാരിറ്റി വില്ലേജിൽ സദ്യ വിളമ്പാനും മുനിരയിലുണ്ടായിരുന്നത്. ഒരു വാട്സാപ്പ് കൂട്ടായ്മ എന്നതിലുപരി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങലൂടെ സമൂഹത്തിനു മാതൃകയാവുകയാണ് ആലംകോട് ബ്രദേഴ്സ്.