മുതലപ്പൊഴിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നഗരൂർ കൊടുവഴന്നൂർ ഗണപതിയാം കോണത്ത് വിളയിൽ വീട്ടിൽ അനുരാജി (25)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി താഴംപള്ളി ലേലപ്പുരയിൽ എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവോണ ദിവസം വൈകുന്നേരമായിരുന്നു അപകടം. 8 പേർ ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരുമിച്ചാണ് മുതലപ്പൊഴിയിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് നാല് പേർ മുങ്ങി താഴുകയും കടൽ തീരത്ത് സുരക്ഷ ഒരുക്കുന്നതിനായി നിന്ന കോസ്റ്റൽ വാർഡന്മാരും നാട്ടുകാരായ മൂന്ന് പേരും ചേർന്ന് 3 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുരാജിനെ കാണാതാവുകയായിരുന്നു
ആറ്റിങ്ങൽ ബി.കെ ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനത്തിലെ ജീവനകാരനായിരുന്നു അനുരാജ്. ഏറേ നാളത്തെ പ്രണയത്തിനൊടുവിൽ 2 മാസം മുൻപായിരുന്നു ഭാഗ്യയുമായുള്ള വിവാഹം. അനുരാജിന്റെ സുഹൃത്തുകളും ബന്ധുകളും കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുതലപ്പൊഴിയിൽ എത്തിയിരുന്നു.