ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ നടപടികൾ ഈ മാസം 15-നകം പൂർത്തിയാക്കാൻ തീരുമാനം. പകുതിയിലധികം ഭാഗത്തെ സർവേ പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ സർവേ രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്‌പെഷ്യൽ തഹസിൽദാർ ശ്രീകുമാർ പറഞ്ഞു.
കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ഭാഗത്തെ സർവേ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ആറ്റിങ്ങലിൽ ആരംഭിച്ചിട്ടുള്ള സ്‌പെഷ്യൽ താലൂക്കോഫീസ് കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.
മാമം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സർവേ നടപടികൾ പൂർത്തിയായി. വിജ്ഞാപനത്തിനുള്ള രേഖകൾ തയ്യാറായി.ആറ്റിങ്ങൽ ബൈപ്പാസിന്റെ കല്ലിടീൽ നടപടികൾ വൈകിയതാണ് മേഖലയിൽ സർവേ തുടങ്ങാൻ വൈകിയത്.ദേശീയപാതാ വിഭാഗത്തിന്റെ രൂപരേഖപ്രകാരം റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരം തയ്യാറാക്കുന്ന ജോലികളാണ് സ്‌പെഷ്യൽ താലൂക്കോഫീസിൽ നടക്കുന്നത്. സ്‌പെഷ്യൽ താലൂക്കോഫീസിൽ 22 സർവേയർമാരെ നിയമിച്ചിട്ടുണ്ട്.
2019 ജൂൺ 28-നുമുമ്പ് നടപടികൾ പൂർത്തിയാക്കണം. കാലാവധി തീരുന്നതിന് ഒരുമാസം മുമ്പ് രേഖകൾ തയ്യാറാക്കി സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിനായി അവധിദിവസങ്ങളിലും സ്‌പെഷ്യൽ താലൂക്കോഫീസ് പ്രവർത്തിക്കുന്നുണ്ട്. റോഡിന്റെ രൂപരേഖ സംബന്ധിച്ച് ഇപ്പോഴും പരാതികളുമായി ആളുകൾ താലൂക്കോഫീസിലെത്തുന്നുണ്ട്.